ആനച്ചാലിൽ വിനോദസഞ്ചാരികൾ സ്‌കൈ ഡൈനിങ്ങിൽ കുടുങ്ങിയ സംഭവത്തിൽ സ്ഥാപന ഉടമകൾക്കെതിരെ വെള്ളത്തൂവൽ പോലീസ് സ്വമേധയാ കേസെടുത്തു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് ‘സതേൺ സ്‌കൈസ് എയറോ ഡയനാമിക്’ പ്രവർത്തിച്ചിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സ്ഥാപന ഉടമയായ ചിറക്കൽപുരയിടത്തിൽ വീട്ടിൽ സോജൻ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മറ്റൊരു ഉടമയായ ചീനിക്കുഴി സ്വദേശി പ്രവീൺ രണ്ടാം പ്രതിയാകും. സ്ഥാപനം പൊതുജന സുരക്ഷയ്ക്ക് വീഴ്ച വരുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.
ണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം
ഇന്നലെ ഒന്നര മണിക്കൂറിലധികമാണ് കുട്ടികളടക്കം അഞ്ചുപേർ സ്‌കൈ ഡൈനിങ്ങിൽ കുടുങ്ങിയത്. രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെയാണ് സാഹസിക വിനോദത്തിനായി ഇവിടെ എത്തിയിരുന്നത്. നാലര മണിക്കൂർ നീണ്ട സാഹസിക രക്ഷാപ്രവർത്തനത്തിനൊടുവിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് അഞ്ചുപേരെയും സുരക്ഷിതമായി താഴെയിറക്കിയത്.
സ്റ്റോപ്പ് മെമ്മോ നൽകും
സംഭവത്തിൽ ജില്ലാ കളക്ടർ തഹസിൽദാരോട് റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷാ വീഴ്ചയെ തുടർന്ന് സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനിച്ചു. നിലവിൽ പ്രവർത്തനം താത്കാലികമായി നിർത്തിയിരിക്കുകയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥാപനം വീണ്ടും തുറന്നുപ്രവർത്തിക്കാനാകൂ. സ്ഥാപനത്തിൻ്റെ രേഖകൾ ഉടമകൾ ഇന്ന് തഹസിൽദാരുടെ ഓഫീസിൽ ഹാജരാക്കും. 150 അടി ഉയരത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കുന്ന, ഒരു മാസം മുമ്പ് മാത്രം ആരംഭിച്ച സാഹസിക വിനോദമാണ് സ്‌കൈ ഡൈനിങ്.
