ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയെയും തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി. ഇരുവരും തികച്ചും വ്യത്യസ്തരായ വ്യക്തികളാണെന്നും, അവരുടെ പ്രസംഗ ശൈലിയും വ്യത്യസ്തമാണെന്നും രേണുക ചൗധരി ദേശീയ മാധ്യമമായ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. രാഹുലിന്റെയും പ്രിയങ്കയുടെയും രാഷ്ട്രീയ ശൈലിയെയും പ്രസംഗത്തെയും കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്നതിനിടയിലാണ് രേണുകയുടെ ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും തമ്മിൽ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് രേണുക ചൗധരി വ്യക്തമാക്കി. “ഇരുവരും ആപ്പിളും ഓറഞ്ചും പോലെയാണ്. ആരും അവരെ തമ്മിൽ താരതമ്യം ചെയ്യരുത്. ഇരുവരും സംസാരിച്ചത് വ്യത്യസ്ത വിഷയങ്ങളിലാണ്,” അവർ പറഞ്ഞു. പ്രിയങ്ക പറയേണ്ട കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു എന്നും, രാഹുലിന്റെ സംസാരശൈലി മറ്റൊന്നാണെന്നും രേണുക അഭിപ്രായപ്പെട്ടു. ഇരുവരും അവരുടെ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു എന്നാണ് താൻ കരുതുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയേക്കാൾ രാഷ്ട്രീയ പരിചയം കുറവാണെങ്കിലും, ലോക്‌സഭയിൽ കാര്യങ്ങൾ കൂടുതൽ മികച്ച രീതിയിൽ അവതരിപ്പിച്ചത് പ്രിയങ്കയാണെന്ന തരത്തിലുള്ള താരതമ്യം അടുത്ത ദിവസങ്ങളിൽ ശക്തമായി ഉയർന്നിരുന്നു. ഇതിന് ആക്കം കൂട്ടിയത്, തിങ്കളാഴ്ച വന്ദേമാതരം വിഷയത്തിൽ പ്രിയങ്ക സഭയിൽ നടത്തിയ പ്രസംഗമാണ്. ഈ പ്രസംഗം രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും വലിയ പ്രശംസ നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കളുടെ പരാമർശങ്ങൾക്കെല്ലാം പ്രിയങ്ക വ്യക്തമായ മറുപടി നൽകി. കൂടാതെ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ ബി.ജെ.പി. തുടർച്ചയായി ഉന്നയിക്കുന്ന വിമർശനങ്ങളെയും പ്രിയങ്ക ശക്തമായി പ്രതിരോധിച്ചു.
