Home » Top News » Kerala » അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ നിലംപതിച്ചു; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
accident-680x450.jpg (3)

അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണ മേഖലയിൽ പിക്കപ്പ് വാനിന് മുകളിലേക്ക് ​ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് അതിദാരുണമായി മരിച്ചത്. നവംബർ 13ന് പുലർച്ചെ ആണ് സംഭവം. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് മുട്ട കയറ്റി വന്ന പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ പതിച്ചത്. അപകടത്തിൽ രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് വാനിലേക്ക് പതിച്ചത്. പിക്കപ്പ് വാൻ ഗർഡറുകൾക്കടിയിൽ ഞെരിഞ്ഞമർന്ന നിലയിലാണ്.

തമിഴ്നാട്ടിൽ നിന്ന് മുട്ട കയറ്റി വന്ന വാഹനമാണിത്. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മരിച്ച രാജേഷ് ഈ പിക്കപ്പ് വാനിന്റെ സ്ഥിരം ഡ്രൈവർ ആയിരുന്നില്ല. സ്ഥിരം ഡ്രൈവർ ഇല്ലാത്തതിനെ തുടർന്ന് താത്കാലികമായി ഓടിക്കാൻ വിളിച്ചപ്പോൾ രാജേഷ് എത്തുകയായിരുന്നു. മരിച്ച രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കരാർ കമ്പനിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് വാഹനയുടമ അടക്കമുള്ളവർ ആരോപിക്കുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പിഡബ്ല്യുഡി സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *