Home » Blog » Kerala » അഭിഷേക് ശർമയോ ജസ്പ്രീത് ബുംറയോ അല്ല, ടി20 ലോകകപ്പിലെ ഇന്ത്യയുടെ ‘എക്സ് ഫാക്ടർ’ ഈ താരമാണ്: ഇർഫാൻ പത്താൻ
irfan-pathan-680x450 (1)

ടി20 ലോകകപ്പിന് ഇനി രണ്ടു മാസത്തെ ദൂരം മാത്രമേ ബാക്കിയുള്ളൂ. എങ്കിലും ടീമിൽ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനവും, ഇനി നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് പരമ്പരകളിലെ പ്രകടനങ്ങളും വിലയിരുത്തിയാകും ലോകകപ്പിനായുള്ള അന്തിമ ടീമിനെ തിരഞ്ഞെടുക്കുക. ഈ സാഹചര്യത്തിൽ, ലോകകപ്പിൽ ഇന്ത്യൻ ടീമിലെ ‘എക്സ് ഫാക്ടർ’ താരമാരായിരിക്കുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

ഇർഫാൻ പത്താൻ്റെ അഭിപ്രായത്തിൽ, വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശർമയോ, പേസ് ബൗളർ ജസ്പ്രീത് ബുംറയോ ആയിരിക്കില്ല ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം. മറിച്ച്, ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെയാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ബാറ്റിംഗിലും ബൗളിംഗിലും ടീമിന് ബാലൻസ് നൽകാനുള്ള പാണ്ഡ്യയുടെ കഴിവാണ് അദ്ദേഹത്തെ എക്സ് ഫാക്ടറാക്കി മാറ്റുന്നത് എന്നും പത്താൻ കൂട്ടിച്ചേർത്തു.

അതേസമയം, ഹാർദ്ദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തിയതോടെ യുവതാരം റിങ്കു സിംഗിന് ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും പത്താൻ അഭിപ്രായപ്പെട്ടു. ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയ റണ്ണെടുത്ത റിങ്കു ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ടീമിലുണ്ടായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനിൽ ഒരവസരം മാത്രമാണ് ലഭിച്ചത്, അതും മഴയെ തുടർന്ന് മുടങ്ങിപ്പോയിരുന്നു. മാത്രമല്ല, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും റിങ്കു സിംഗിന് അവസരം ലഭിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടുള്ളത്