വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകൾ, ബാനറുകൾ, കൊടികൾ എന്നിവ ഉടൻ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃത പ്രചാരണ സാമഗ്രികൾ രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യണമെന്നും, ഇവ സ്ഥാപിച്ച ഉത്തരവാദികളിൽ നിന്ന് പിഴയീടാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് ഹൈക്കോടതി ഈ നിർദേശം നൽകിയിട്ടുള്ളത്. അനധികൃത ബോർഡുകളും ഫ്ലെക്സുകളും നീക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
അനധികൃത ബോർഡുകൾ നീക്കിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്കായിരിക്കുമെന്ന് കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. അനധികൃത ബോർഡുകൾ സംബന്ധിച്ച കോടതി നിർദേശം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. അനധികൃതമായി ബോർഡുകളും മറ്റും സ്ഥാപിക്കുന്നു എന്നു കാണിച്ചുള്ള ഹർജിയിലാണ് കോടതിയുടെ ഈ നിർദേശം.
