Home » Top News » Kerala » അഞ്ചുദിവസത്തെ ആകാശ വിസ്മയങ്ങൾക്കൊടുവിൽ ദുബായ് എയർഷോയ്ക്ക് സമാപനം, തേജസ് വിമാനാപകടം ദുരന്തമായി
5c7034b4075ca16d0fc316ae03dc4103d8e03094b73b7d50de52239f17f6850f.0

കോടികളുടെ വിമാന ഓർഡറുകളും കണ്ണഞ്ചിപ്പിക്കും വ്യോമാഭ്യാസ പ്രകടനങ്ങളും അവസാന നിമിഷത്തിലെ അപ്രതീക്ഷിത ദുരന്തവുമായി അഞ്ച് ദിവസം നീണ്ട ദുബായ് എയർഷോയ്ക്ക് സമാപനമായി. വ്യോമയാന, പ്രതിരോധ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും വൻകിട ബിസിനസ് കരാറുകളും കൊണ്ട് ഇത്തവണത്തെ എയർ ഷോ ശ്രദ്ധേയമായിരുന്നു. യുഎഇ വിമാന കമ്പനികളായ എമിറേറ്റ്സ് എയർലൈൻസ്, ഫ്ലൈ ദുബായ്, ഇത്തിഹാദ് എയർവേയ്സ് എന്നിവ ചേർന്ന് 330 പുതിയ വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്.

എമിറേറ്റ്സ് 65 പുതിയ ബോയിങ് 777 വിമാനങ്ങൾക്കും 8 എ350-900എസ് വിമാനങ്ങൾക്കും ഉൾപ്പെടെ 4140 കോടി ഡോളറിന്റെ ഓർഡർ നൽകി. ഫ്ലൈ ദുബായ് 150 എയർബസ് എ321നിയോ വിമാനങ്ങൾക്കും 75 ബോയിങ് 737 മാക്സ് വിമാനങ്ങൾക്കും ഉൾപ്പെടെ 225 വിമാനങ്ങൾക്കുള്ള കരാറിലും ഒപ്പുവച്ചു. ഇത്തിഹാദ് എയർവേയ്സ് എ330-900എസ്, എ350-1000എസ്, എ350എഫ് എന്നിവ ഉൾപ്പെടെ 32 എയർബസ് വൈഡ് ബോഡി വിമാനങ്ങൾക്കുള്ള ഓർഡറുകളാണ് നൽകിയത്. പ്രതിരോധ രംഗത്തും വൻ കരാറുകൾ നടന്നു. യുഎഇയുടെ തവാസുൻ കൗൺസിൽ 2540 കോടി ദിർഹത്തിലധികം മൂല്യമുള്ള 36 പ്രതിരോധ, സുരക്ഷാ കരാറുകളിലും ഒപ്പുവച്ചു.

എയർ ഷോയുടെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് (eVTOL) വിമാനങ്ങൾ വ്യോമാഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു. ജോബി ഏവിയേഷനാണ് പറക്കും ടാക്സിയുടെ ഈ പ്രത്യേക പ്രകടനം നടത്തിയത്. എമിറേറ്റ്സും ഫ്ലൈ ദുബായിയും വിമാനങ്ങളിൽ അതിവേഗ സ്റ്റാർ ലിങ്ക് വൈഫൈ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി നവീനമായ എഐ സാങ്കേതികവിദ്യകളും എമിറേറ്റ്സ് എയർലൈൻ അവതരിപ്പിച്ചു. യുഎഇയുടെ ബഹിരാകാശ ദൗത്യത്തിന്റെ പ്രാധാന്യം അറിയിക്കുന്ന സ്പേസ് പവിലിയനായിരുന്നു മേളയിലെ മറ്റൊരു ആകർഷണം. 2026-ൽ ചാന്ദ്ര ദൗത്യത്തിനായുള്ള റാഷിദ് റോവർ-2ന്റെ പ്രഖ്യാപനവും നടന്നു.

ഇരുനൂറിലേറെ വാണിജ്യ, സൈനിക, സ്വകാര്യ വിമാനങ്ങൾ പ്രദർശനത്തിൽ പങ്കെടുത്തു. ചൈനയുടെ കൊമാക് സി919 പാസഞ്ചർ ജെറ്റിന്റെ മധ്യപൂർവദേശ അരങ്ങേറ്റവും എഫ്-35, സുഖോയ്-57 തുടങ്ങിയ യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ കാണികളെ ആവേശത്തിലാക്കി. എന്നാൽ, അവസാന ദിവസമായ ഇന്നലെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണത് എയർഷോയെ സ്തംഭിപ്പിച്ചു. മലയാളികളടക്കം വിവിധ രാജ്യക്കാരായ നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെ തേജസ് തകർന്നുവീണതിന്റെ ഞെട്ടലിൽ നിന്ന് കാണികൾ മുക്തമായിട്ടില്ല. കുത്തനെ ഉയർന്നും പൊടുന്നനെ താഴ്ന്നും പറന്ന് കാണികളെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തിയ തേജസ് മൂന്നാം തവണ താഴേക്കു പതിച്ചതും തീഗോളമായതും വലിയ ദുരന്തമായി. അപകടത്തെ തുടർന്ന് എയർഷോ താൽക്കാലികമായി നിർത്തിവച്ചെങ്കിലും മണിക്കൂറുകൾക്കം പുനരാരംഭിച്ചു. വിമാന ദുരന്തത്തിൽ അനുശോചനം അറിയിച്ച യുഎഇ, ഇന്ത്യയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *