Home » Top News » Kerala » സർബത്ത് ഷമീർ ആട് 3ന്റെ സെറ്റിൽ എത്തി; നാരങ്ങ മാലയിട്ട് വരവേറ്റ് മിഥുൻ മാനുവൽ
Screenshot_20251119_124455

ലയാളികളെ ചിരിയുടെ അങ്ങേയറ്റത്തേക്ക് എത്തിച്ച ‘ആട്’ സീരീസിൻ്റെ മൂന്നാം ഭാഗമായ ‘ആട് 3’ യുടെ ചിത്രീകരണം പുരോഗമിക്കവെ, ഷാജി പാപ്പൻ്റെ എതിരാളിയും കൾട്ട് കഥാപാത്രവുമായ സർബത്ത് ഷമീർ സെറ്റിൽ എത്തി. നടനും നിർമ്മാതാവുമായ വിജയ് ബാബു അവതരിപ്പിക്കുന്ന ഷമീറിൻ്റെ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി സെറ്റിലെത്തിയതിൻ്റെ വീഡിയോ അദ്ദേഹം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഷമീറിനായുള്ള സർബത്ത് ഉണ്ടാക്കുന്ന രംഗത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന്, കാറിൽ വന്നിറങ്ങുന്ന വിജയ് ബാബു പോലീസ് യൂണിഫോം ധരിച്ച് സംവിധായകന്റെയും അണിയറ പ്രവർത്തകരുടെയും അടുത്തേക്ക് എത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

നാരങ്ങ മാലയിട്ട് വരവേൽപ്പ്

ഫുൾ കോസ്റ്റ്യൂമിൽ എത്തിയ സർബത്ത് ഷമീറിനെ സംവിധായകൻ മിഥുൻ മാനുവൽ തോമസും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് നാരങ്ങ മാല അണിയിച്ചാണ് സ്വീകരിച്ചത്. “ഇത്തവണയെങ്കിലും കേസ് തെളിയിക്കാൻ പറ്റട്ടെ,” എന്ന് തമാശരൂപേണ പറഞ്ഞുകൊണ്ടാണ് മിഥുൻ മാനുവൽ തോമസ് വിജയ് ബാബുവിനെ വരവേറ്റത്.

‘ആട് 3, ധീരതയുടെ പര്യായപദമായ സർബത്ത് ഷമീർ നിർത്തിയിടത്ത് നിന്ന് തൻ്റെ ധീരമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് വിജയ് ബാബു കുറിച്ചത്.

‘ആട്’ സീരീസിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് വിജയ് ബാബു അവതരിപ്പിച്ച സർബത്ത് ഷമീർ. ഷാജി പാപ്പനും കൂട്ടർക്കും സ്ഥിരം എതിരാളിയായി എത്തുന്ന ഈ പോലീസുകാരൻ, തൻ്റെ പ്രത്യേക സംഭാഷണ ശൈലി കൊണ്ടും കോമഡി കലർന്ന വില്ലൻ ഭാവങ്ങൾ കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടിയിട്ടുണ്ട്. ഷാജി പാപ്പന്റെ കള്ളത്തരങ്ങൾ കണ്ടുപിടിക്കാൻ ഷമീർ നടത്തുന്ന ശ്രമങ്ങൾ ഇത്തവണയും പ്രേക്ഷകർക്ക് ചിരിവിരുന്നാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *