Home » Blog » Kerala » സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്

തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണ പതിനഞ്ചുകാരിക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങലിലെ സർക്കാർ വിദ്യാലയത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിനാൽ‌ കുട്ടി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളായ കുട്ടികൾ പറയുന്നത്.

ആറ്റിങ്ങൽ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി ബ്ലോക്കിൽനിന്നുമാണ് വിദ്യാർത്ഥിനി ചാടിയത്. ഉച്ചഭക്ഷണത്തിനുള്ള സമയത്ത് ഇവിടെ എത്തിയ വിദ്യാർത്ഥിനി താഴേക്ക് ചാടുകയായിരുന്നു. സംഭവം നടന്നയുടൻ സ്കൂൾ അധികൃതർ കുട്ടിയെ ആറ്റിങ്ങലിലെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലിന് ഗുരുതര പരിക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ക്രിസ്മസ് പരീക്ഷയുടെ അ‍ഞ്ചോളം പേപ്പറുകൾ ഇന്ന് നൽകിയിരുന്നു. ഇതിൽ പല വിഷയങ്ങൾക്കും മാർക്ക് കുറഞ്ഞതിലുള്ള വിഷമത്തെ തുടർന്നാണ് കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. അതേസമയം, കുട്ടി ചാടിയതാണോ വീണതാണോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.