റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരായ സൂപ്പർ ഓവറിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ, ടീം ക്യാപ്റ്റൻ ജിതേഷ് ശർമ്മക്കെതിരെ വലിയ ആരാധകരോഷം ഉയർന്നിരുന്നു. ഒരു റൺസ് പോലും നേടാനാവാതെ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായതിന് കാരണം, മിന്നും ഫോമിലുള്ള യുവ ഓപ്പണർ വൈഭവ് സൂര്യവംശിയെ സൂപ്പർ ഓവറിൽ ബാറ്റിങ്ങിന് ഇറക്കാതെ, ക്യാപ്റ്റൻ സ്വയം ഓപ്പണിങ്ങിന് ഇറങ്ങിയ തീരുമാനമാണ് എന്നായിരുന്നു പ്രധാന വിമർശനം. ഈ സാഹചര്യത്തിലാണ് തന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിച്ച് ജിതേഷ് ശർമ്മ രംഗത്തെത്തിയത്.
“പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു,” മത്സരശേഷം നടന്ന അവതരണ ചടങ്ങിൽ ജിതേഷ് പറഞ്ഞു. “ടീമില്‍ വൈഭവും പ്രിയാന്‍ഷും പവര്‍പ്ലേയില്‍ തകർത്തടിച്ച് കളിക്കുന്നവരാണ്. അതുപോലെ ഡെത്ത് ഓവറുകളില്‍ അഷുതോഷിനും രമണ്‍ദീപിനും നന്നായി കളിക്കാൻ കഴിയും. അതുകൊണ്ട് തന്നെ സൂപ്പർ ഓവർ ലൈനപ്പ് ഒരു ടീമായി എടുത്ത തീരുമാനമായിരുന്നു. എങ്കിലും അന്തിമ തീരുമാനം എടുത്തത് ഞാൻ തന്നെയാണ്. ഒരു സീനിയർ എന്ന നിലയിൽ ഞാൻ കളി പൂർത്തിയാക്കേണ്ടതായിരുന്നു,” ജിതേഷ് തന്റെ നിലപാട് വ്യക്തമാക്കി.
സെമിഫൈനലിൽ ഇരു ടീമുകളും 20 ഓവറിൽ 194 റൺസ് എടുത്ത് സമനിലയിലായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. എന്നാൽ, സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഒരു റൺസ് പോലും നേടാനായില്ല. ക്യാപ്റ്റൻ ജിതേഷ് ശർമ്മയും അശുതോഷ് ശർമ്മയും ആദ്യ രണ്ട് പന്തുകളിൽ തന്നെ പുറത്തായി. മറുപടി ഇന്നിങ്സിൽ, സുയാഷ് ശർമ്മ എറിഞ്ഞ രണ്ടാം പന്ത് വൈഡായതോടെ ബംഗ്ലാദേശ് വിജയം ഉറപ്പിക്കുകയായിരുന്നു.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിനായാണ് ആരാധകർ സൂപ്പർ ഓവറിൽ കാത്തിരുന്നത്. നേരത്തെ സെമിഫൈനലിലും വൈഭവ്, പ്രിയാൻഷ് ആര്യയുമായി ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ തന്നെ 19 റൺസ് അടിച്ചെടുത്ത വൈഭവ് ടീം സ്കോർ അതിവേഗം 33-ൽ എത്തിക്കുകയും ചെയ്തിരുന്നു. ഈ ഫോമിലുള്ള താരത്തെ പുറത്തിരുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നും വൈഭവിനെ ഇറക്കിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ അഭിപ്രായപ്പെടുന്നു.
