സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി. വിനയ (26) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 40 ദിവസത്തോളം ചികിത്സയിലായിരുന്ന വിനയ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.
പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് മാസം മുമ്പാണ് വിനയ ചികിത്സ തേടിയത്. അസുഖം മാറിയ ശേഷം അപസ്മാരം പിടിപെടുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രക്തപരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അന്ന് മുതൽ വിനയ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. രോഗബാധയുടെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. യുവതി വീട്ടിലെ കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. കിണറ്റിലെ വെള്ളം വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
എന്താണ് അമീബിക് മസ്തിഷ്കജ്വരം?
നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് ഈ അപൂർവവും ഗുരുതരവുമായ രോഗത്തിന് കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിൽ അണുബാധയുണ്ടാക്കുന്നു.
