ശബരിമല സ്വർണക്കൊള്ളക്കേസിൽ തെളിവുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) തന്ത്രി മഹേഷ് മോഹനരോട് അനുമതി തേടി. ദേവസ്വം ബോർഡ് വഴിയാണ് എസ്.ഐ.ടി. തന്ത്രിയുമായി ബന്ധപ്പെട്ടത്.
ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പടിയിലും സ്ഥാപിച്ചിട്ടുള്ള നിലവിലെ സ്വർണ്ണപ്പാളികളിൽ ശാസ്ത്രീയ പരിശോധന നടത്താൻ കോടതിയുടെ നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശി കൊണ്ടുവന്ന തകിടുകളിലും, ഈ തീർത്ഥാടനകാലത്തിന്റെ തുടക്കത്തിൽ സ്ഥാപിച്ച പാളികളിലും പരിശോധന നടത്താനാണ് എസ്.ഐ.ടി. ഒരുങ്ങുന്നത്.
