ടൊയോട്ടയുടെ ജനപ്രിയ എസ്‌യുവി അർബൻ ക്രൂയിസർ ഹൈറൈഡറിന് മാറ്റുകൂട്ടാൻ പുത്തൻ ‘ടെക് പാക്കേജ്’ വിപണിയിലെത്തി. പ്രീമിയം ഫീച്ചറുകൾ ഇഷ്ടപ്പെടുന്നവർക്കായി ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് ഡാഷ്‌ക്യാം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവ ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ഹൈറൈഡറിന്റെ എല്ലാ വേരിയന്റുകളിലും ഈ അധിക ഫീച്ചറുകൾ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
വെറും 29,499 രൂപ അധികമായി നൽകിയാൽ ഉപഭോക്താക്കൾക്ക് ഈ ടെക് പാക്കേജ് സ്വന്തമാക്കാം. നിലവിൽ 13 വ്യത്യസ്ത ട്രിം ഓപ്ഷനുകളിൽ ലഭിക്കുന്ന ഹൈറൈഡറിന്റെ ഏത് മോഡൽ തിരഞ്ഞെടുക്കുന്നവർക്കും ഡീലർഷിപ്പുകൾ വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താം. ടോപ്പ് എൻഡ് വേരിയന്റായ ‘V’-ൽ നിലവിൽ ഹെഡ്-അപ്പ് ഡിസ്‌പ്ലേയും മൾട്ടി കളർ ആംബിയന്റ് ലൈറ്റിംഗും ഉണ്ടെങ്കിലും, ഈ പാക്കേജ് വഴി മറ്റ് മോഡലുകളിലും ഈ അത്യാധുനിക ഫീച്ചറുകൾ എത്തിക്കാൻ ടൊയോട്ടയ്ക്ക് സാധിക്കും
പെട്രോൾ മൈൽഡ്-ഹൈബ്രിഡ്, സ്ട്രോങ്ങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹൈറൈഡർ എത്തുന്നത്. കൂടാതെ സിഎൻജി പതിപ്പിലും വാഹനം ലഭ്യമാണ്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്ക് പുറമെ സെഗ്മെന്റിലെ അപൂർവ്വമായ ഓൾ-വീൽ ഡ്രൈവ് (AWD) ഓപ്ഷനും ഹൈറൈഡർ വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നൽകുന്നവർക്ക് ഡാഷ്‌ക്യാമും ഹെഡ്-അപ്പ് ഡിസ്‌പ്ലേയും ഉൾപ്പെടുന്ന ഈ പാക്കേജ് വലിയ മുതൽക്കൂട്ടാകും.
