തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കത്തിനശിച്ച വാഹനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വേനല്‍ക്കാലത്തെ തീപിടുത്തങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള എല്ലാ നടപടികളും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇരുചക്ര വാഹന പാര്‍ക്കിംഗ് ഏരിയയില്‍ ജനുവരി നാലിനാണ് തീപിടുത്തമുണ്ടായത്.
ജില്ലയിലെ ഫയര്‍ഫോഴ്സ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വേനല്‍ക്കാല മുന്നൊരുക്കത്തെക്കുറിച്ചും കാട്ടുതീ തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ഫയര്‍ ഓഡിറ്റ് തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ചചെയ്തു. ജില്ലയിലെ ഫയര്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പ്രധാന ദുരന്തവിവരങ്ങള്‍ ഉടന്‍തന്നെ ഡിഇഒസിയില്‍ അറിയിക്കണം. കഠിനമായ വെയില്‍ സമയത്ത് തീ പിടിക്കുന്ന വസ്തുക്കള്‍ അലക്ഷ്യമായി കിടക്കാതെ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കളക്ടറേറ്റ് എക്സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ പ്രാണ്‍ സിംഗ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
