തൊണ്ണൂറുകളിലെ രാം ഗോപാൽ വർമ ചിത്രങ്ങൾ സിനിമാപ്രേമികൾ മറക്കാൻ ഇടയില്ല. സത്യ, ശിവ പോലുള്ള ക്രൈം ആക്ഷൻ ഡ്രാമകൾ പോലെ തന്നെ ആർജിവിയുടെ ‘രംഗീല’ എന്ന പ്രണയചിത്രത്തിനും ആരാധകർ ഏറെയാണ്. മ്യൂസിക്കലായാണ് 1995ൽ രംഗീല പുറത്തിറങ്ങിയത്. ബോളിവുഡിനെ ഇളക്കിമറിച്ച സിനിമയിലെ പാട്ടുകൾ ഒന്നുവിടാതെ ഹിറ്റായിരുന്നു.
എ.ആർ. റഹ്മാൻ ആണ് ‘രംഗീല’യിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ഈ ഹിറ്റ് ആൽബത്തിന്റെ പിറവി സംഘർഷഭരിതമായിരുന്നു എന്നാണ് സംവിധായകൻ രാം ഗോപാൽ വർമ വെളിപ്പെടുത്തിയിരിക്കുന്നത്. പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റഹ്മാന് ഒപ്പം പ്രവർത്തിച്ചതിന്റെ അനുഭവം ആർജിവി പങ്കുവച്ചത്
സമയമെടുത്ത് മന്ദഗതിയിലുള്ള എ.ആർ. റഹ്മാന്റെ പ്രവർത്തന ശൈലി തന്നെ അലോസരപ്പെടുത്തിയിരുന്നതായാണ് രാം ഗോപാൽ വർമ പറയുന്നത്. പ്രത്യേകിച്ചും ‘രംഗീല’ ഷൂട്ടിങ് സമയത്ത്. ‘ഹെയ് രാമ’ എന്ന ഐക്കോണിക് ഗാനം ചിട്ടപ്പെടുത്താനായി റഹ്മാന് ഒപ്പം നടത്തിയ ഗോവൻ യാത്രയെപ്പറ്റി ആർജിവി എടുത്തുപറഞ്ഞു. അഞ്ച് ദിവസമായിട്ടും റഹ്മാൻ ഒരു നോട്ട് പോലും കംപോസ് ചെയ്തില്ല. ഒരോ ദിവസവും പല ഒഴിവുകഴിവുകൾ പറഞ്ഞു. ഒടുവിൽ താൻ ചെന്നൈയിൽ പോകാമെന്നും അവിടെ നിന്ന് ട്യൂണ്‍ അയച്ചു തരാമെന്നുമായി. ഗോവ വിട്ടതിന് ശേഷമാണ് യഥാർഥ കാരണം റഹ്മാൻ വെളിപ്പെടുത്തിയത് എന്ന് ആർജിവി പറയുന്നു. “പിന്നെ അദ്ദേഹം എന്നോട് പറഞ്ഞു, ‘അടുത്ത തവണ ഹോട്ടൽ എടുത്ത് തരുമ്പോൾ അവിടെ ടിവി ഇല്ലെന്ന് ഉറപ്പാക്കണം. കാരണം, ഇത്രയും ദിവസം ഞാൻ ടിവി കാണ്ടിരിക്കുകയായിരുന്നു. എനിക്ക് അയാളെ അടിക്കാൻ തോന്നി. പക്ഷേ, ഒടുവിൽ ഹെയ് രാമ പാട്ട് കൊണ്ടുവന്നപ്പോൾ…. ചില വലിയ കാര്യങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്ന് ഞാൻ കരുതുന്നു. അതാണ് അദ്ദേഹം തെളിയിച്ചത്,” ആർജിവി പറഞ്ഞു.
