ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈ അപേക്ഷ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് പരിഗണിക്കുന്നത്. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി രാഹുലിനെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർപ്പിച്ചിരിക്കുന്നത്.
മാവേലിക്കര സബ് ജയിലിൽ കഴിയുന്ന അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് ശേഷമാകും കോടതിയിൽ എത്തിക്കുക. യുവതിയുടെ പരാതി പ്രകാരം പീഡനം നടന്ന ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. പീഡനത്തിനിടെ ദൃശ്യങ്ങൾ ചിത്രീകരിച്ചതായി യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തുക എന്നത് അന്വേഷണത്തിൽ നിർണായകമാണ്. കൂടാതെ, കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും.
