Home » Top News » Kerala » രാഹുൽ ജാമ്യഹർജി നൽകിയത് നിയമപരമായ നടപടികളുടെ ഭാഗം; സി പി എം സ്വയം നന്നായിട്ട് വിമർശിക്കൂ എന്ന് ഷാഫി പറമ്പിൽ
Shafi-Parambil-support-Rahul-Mamkootathil-680x450

കുന്നമംഗലത്ത് നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് വടകര എം.പി ഷാഫി പറമ്പിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയിൽ പ്രതികരിച്ചത്. രാഹുൽ നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും, മുൻകൂർ ജാമ്യഹർജി നൽകിയത് നിയമപരമായ നടപടികളുടെ ഭാഗം മാത്രമാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

പരിപാടിയിൽ സി.പി.എമ്മിനെതിരെ കടുത്ത വിമർശനങ്ങളാണ് ഷാഫി പറമ്പിൽ ഉന്നയിച്ചത്. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം പ്രതിരോധത്തിലാണെന്നും, മറ്റുള്ളവരെ ധാർമികത പഠിപ്പിക്കുന്നവർ സ്വന്തം കാര്യത്തിൽ എന്ത് ചെയ്തു എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ കട്ടത് കോൺഗ്രസ് നേതാവായിരുന്നെങ്കിൽ സി.പി.എം വലിയ പ്രതിഷേധം ഉയർത്തുമായിരുന്നു.

 

ജയിലിലായ സ്വന്തം നേതാക്കൾക്കെതിരെ സി.പി.എം ഒരു നടപടിയും എടുക്കുന്നില്ലെന്നും, മുഖ്യമന്ത്രി പോലും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടി എടുത്താൽ അകത്തുള്ള നേതാക്കൾ പുറത്തുള്ളവരുടെ പേര് പറയുമോ എന്ന ഭയമാണ് സി.പി.എമ്മിനുള്ളതെന്നും, കേരളത്തിൽ കോൺഗ്രസിനെ തകർക്കാൻ സി.പി.എം-ബി.ജെ.പി ബാന്ധവമുണ്ട് എന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യഹർജി നൽകിയിരിക്കുന്നത്. പരാതി നൽകിയ യുവതിയുമായി ദീർഘകാല സൗഹൃദബന്ധമുണ്ടായിരുന്നതായും, എന്നാൽ താൻ ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതായും രാഹുൽ പറയുന്നു. പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുൽ ഹർജിയിൽ ആരോപിക്കുന്നു. ഈ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.