Home » Blog » Top News » യുവതിയുടെ ദുരനുഭവം: വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി ഒ.ആര്‍ കേളു
images (56)

മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവ ചികിത്സയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നിന്ന് തുണി കണ്ടെത്തിയ സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മാനന്തവാടി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരാതി ലഭിച്ച ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറോടും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോടും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ നിര്‍ദേശിച്ചു. സംഭവം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. വിദഗ്ധ മെഡിക്കൽ സംഘം വെള്ളിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി അന്വേഷണം തുടങ്ങിയതായും മന്ത്രി അറിയിച്ചു.

 

ജനുവരി അഞ്ചിനാണ് യുവതി തന്റെ ഓഫീസിലെത്തി പരാതി നൽകിയത്. അവ്യക്തമായ പരാതിയുടെ ഫോട്ടോ കോപ്പിയായിരുന്നു യുവതിയുടെ കൈവശമുണ്ടായിരുന്നത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി ഓഫീസിലെ ജീവനക്കാര്‍ വിശദമായ പരാതി തയ്യാറാക്കുകയും അത് വായിച്ച് കേൾപ്പിച്ച് ഒപ്പിട്ട് വാങ്ങുകയുമായിരുന്നു. പരാതി അന്ന് രാത്രി തന്നെ ഡി.എം.ഒയ്ക്കും സൂപ്രണ്ടിനും കൈമാറി. പിറ്റേദിവസം തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് പ്രസവ ചികിത്സ തേടിയതെന്ന് തിരിച്ചറിയുകയും ചികിത്സ നൽകിയ ഡോക്ടറെയും ജീവനക്കാരെയും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. യുവതിയുടെ വയറിൽ നിന്ന് കണ്ടെത്തിയ തുണി ആശുപത്രിയിൽ ഉപയോഗിക്കുന്നത് തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ച് പിഴവുകൾ സംഭവിച്ചിട്ടുള്ളതായി കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ സര്‍ക്കാര്‍ അവര്‍ക്കൊപ്പം നിൽക്കില്ലെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

 

എന്നാൽ ഈ സംഭവത്തിന്റെ പേരിൽ വയനാട് മെഡിക്കൽ കോളേജ് ആകെ മോശമാണെന്ന നിലയിലുള്ള പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊതു ജനാരോഗ്യ സ്ഥാപനത്തെ തകർക്കാമെന്ന വ്യാമോഹം അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്ത് വർഷത്തിനകം സ്ഥാപനം കൈവരിച്ച മുന്നേറ്റത്തെയാകെ ഇല്ലായ്മ ചെയ്യാനും മെഡിക്കൽ കോളേജിൽ സര്‍വത്ര പ്രശ്നങ്ങളാണെന്ന പ്രതീതി സൃഷ്ടിക്കാനുമുള്ള ഗൂഢ ലക്ഷ്യങ്ങൾ വിലപ്പോവില്ല. പ്രസവ വാർഡ് അടച്ചു പൂട്ടിയിട്ടിരുന്നതും ആംബുലൻസിൽ ഗർഭിണി പ്രസവിച്ച് കുട്ടികൾ മരണപ്പെട്ടിരുന്നതുമായ ദുരന്തകാലത്ത് നിന്നും മെഡിക്കൽ കോളേജ് ശക്തമായ മുന്നേറ്റമാണ് നടത്തിയതെന്ന് പറഞ്ഞ മന്ത്രി, മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രോഗികളുടെ കണക്കുകളും വാര്‍ത്താസമ്മേളനത്തിൽ അവതരിപ്പിച്ചു.

 

മെഡിക്കൽ കോളേജിൽ സി.ടി സ്കാൻ മെഷീൻ സ്ഥാപിക്കാൻ അനുവദിച്ച തുക വകമാറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. നേരത്തെയുണ്ടായിരുന്ന സി.ടി സ്കാൻ സംവിധാനം പരിഹരിക്കാൻ കഴിയാത്ത വിധം തകരാറിലായപ്പോഴാണ് പുതിയ സി.ടി സ്കാനര്‍ സ്ഥാപിക്കാൻ സര്‍ക്കാറിലേക്ക് ശുപാര്‍ശ നൽകിയത്. ഇതനുസരിച്ച് ഇക്കഴിഞ്ഞ ബജറ്റിൽ ഒന്നരക്കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ ആധുനിക രീതിയിലുള്ള സി.ടി സ്കാൻ സംവിധാനം സ്ഥാപിക്കുന്നതിന് നാല് കോടി രൂപയെങ്കിലും ആവശ്യമാണെന്ന് കണ്ടതിനാൽ നവകേരള സദസിന്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിന് ലഭിച്ച 7 കോടി രൂപയിൽ നിന്നും 4 കോടി രൂപ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള സി.ടി സ്കാൻ സംവിധാനം സ്ഥാപിക്കാൻ തീരുമാനിക്കുകയും ഇതിനുള്ള നടപടികൾ പൂര്‍ത്തിയാക്കുകയും ചെയ്തതാണ്. ഡിസംബറിൽ സ്കാൻ മെഷീൻ വാങ്ങാനുള്ള പര്‍ച്ചേസ് ഓര്‍ഡറും നൽകി. വിദേശത്ത് നിന്ന് മെഷീൻ എത്താനുള്ള കാലതാമസം മാത്രമാണ് ഇനിയുള്ളത്.

 

സി.ടി. സ്കാൻ സംവിധാനവും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് നവകേരള സദസിൽ നിന്ന് ലഭിച്ച തുക ഉപയോഗിക്കാൻ കഴിഞ്ഞതിനാൽ ബജറ്റിൽ ഇതിനായി അനുവദിച്ച ഒന്നരകോടി രൂപയും തൊണ്ടര്‍നാട് ഫയര്‍ സ്റ്റേഷൻ സ്ഥാപിക്കാൻ ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപയും ചേര്‍ത്ത് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ കാട്ടേരിക്കുന്ന് പ്രദേശത്ത് പാലം നിർമിക്കാൻ സര്‍ക്കാറിലേക്ക് ശുപാര്‍ശ നൽകുകയും ഇത് അംഗീകരിക്കപ്പെടുകയുമായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് പാലം തകർന്ന് 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ട് പോയ പ്രദേശത്ത് അടിയന്തിര ആവശ്യമെന്ന നിലയിലാണ് ഇത് ചെയ്തത്. തൊണ്ടര്‍നാട് ഫയര്‍ സ്റ്റേഷന് വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അല്ലാതെ തന്നെ ലഭ്യമാക്കിയിരുന്നു. പാലം നിര്‍മാണത്തിന് മണ്ണ് പരിശോധന പൂര്‍ത്തിയാവുകയും ചെയ്തു. യാഥാര്‍ത്ഥ്യം ഇതായിരിക്കെ പൊതു സമൂഹത്തിന് മുന്നിൽ അസത്യ പ്രസ്താവനകളാൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം നാടിന് ഗുണകരമാവില്ലെന്നും മന്ത്രി പറഞ്ഞു.