ലോകോത്തര ഫുട്ബോൾ താരം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന വാർത്തകൾ ചർച്ചയായിരിക്കെ, സംസ്ഥാന കായിക വകുപ്പ് ഞെട്ടിക്കുന്ന മറുപടിയുമായി രംഗത്ത്. മെസ്സി വരുമോ എന്ന കാര്യത്തിൽ തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നും, എല്ലാ വിവരങ്ങളും മന്ത്രിയുടെ ഓഫീസിന് മാത്രമാണ് അറിയുന്നതെന്നും കായിക വകുപ്പ് വിവരാവകാശ ചോദ്യത്തിന് മറുപടി നൽകി.
കരാറില്ല, ചെലവ് 13 ലക്ഷം
മെസ്സിയെ എത്തിക്കാൻ സ്വകാര്യ കമ്പനിയെ സ്പോൺസർ ചെയ്യാൻ സർക്കാർ ഏൽപ്പിച്ചിരുന്നുവെങ്കിലും, ഇതുമായി ബന്ധപ്പെട്ട് സർക്കാരും കമ്പനിയും തമ്മിൽ ഒരു തരത്തിലുള്ള ഔദ്യോഗിക കരാറും ഒപ്പിട്ടിട്ടില്ലെന്ന് കായിക വകുപ്പ് വ്യക്തമാക്കി. എന്നാൽ, ഈ ചർച്ചകൾക്കായി കായിക വകുപ്പിൽനിന്ന് 13 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട് എന്നും മറുപടിയിലുണ്ട്
മെസ്സിയുടെ വരവ്, തീയതി, കളിക്കുന്ന സ്റ്റേഡിയം, എതിർടീം, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിവരങ്ങളൊന്നും തങ്ങളുടെ പക്കൽ ലഭ്യമല്ലെന്നും, ഈ ചോദ്യങ്ങൾ കായിക മന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു. കായിക വകുപ്പിനെപ്പോലും ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് കായികമന്ത്രിയുടെ ഓഫീസ് നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് ഈ മറുപടികൾ വ്യക്തമാക്കുന്നത്. നേരത്തെ, കരാർ ലംഘിച്ചതിൻ്റെ പേരിൽ സ്വകാര്യ കമ്പനിക്ക് ഏപ്രിൽ മാസത്തിൽ സർക്കാർ നോട്ടീസ് നൽകിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
