യുവാക്കളെ മത്സ്യക്കൃഷിയിലേക്ക് ആകർഷിക്കുന്നതിനും മത്സ്യ അനുബന്ധ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന ഫിഷറീസ് വകുപ്പ് നൽകുന്ന പിന്തുണയുടെയും സഹായത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ് കൊല്ലം ക്ലാപ്പന സ്വദേശി എച്ച്.എ. മൻസിലിൽ മുഹമ്മദ് ബിൻ ഫാറൂഖ്. പത്തുവർഷത്തിലധികമായി അലങ്കാര മത്സ്യകൃഷിയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്ന ഈ യുവകർഷകന് തന്റെ സംരംഭക വിജയകഥ പങ്കുവെക്കാനാണ് ‘വിഷൻ 2031 സംസ്ഥാനതല മത്സ്യമേഖല’ സെമിനാർ വേദിയിലെത്തിയത്.
ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ഗ്രോബെസ്റ്റ് റിസർച്ച് എന്ന സംരംഭത്തിന് ലാബ് സജ്ജമാക്കുന്നതിന് 10 ലക്ഷം രൂപയുടെ സബ്സിഡിയും ഇന്റഗ്രേറ്റഡ് ഓർണമെന്റൽ ഫിഷ് യൂണിറ്റിനായി 10 ലക്ഷം രൂപയുടെ സബ്സിഡിയും ഉൾപ്പെടെ 20 ലക്ഷം രൂപയുടെ ധനസഹായം ഇതുവരെ ഫിഷറീസ് വകുപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ധനസഹായത്തിന് പുറമേ സംരംഭത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണ പിന്തുണ നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് സയൻസിൽ ഗവേഷക വിദ്യാർഥിയായത് കൊണ്ടുതന്നെ അലങ്കാര മത്സ്യകൃഷി ശാസ്ത്രീയരീതിയിലാണ് മുഹമ്മദ് ബിൻ ഫാറൂഖ് മുന്നോട്ട് കൊണ്ടുപോകുന്നത്. ജാപ്പനീസ് കോയ്, ഗോൾഡ്, ഏയ്ഞ്ചൽസ്, ജിയോഫഗസ്, ടീട്ര തുടങ്ങിയ 43 സ്പീഷ്യസുകളിലുള്ള വ്യത്യസ്തയിനം അലങ്കാര മത്സ്യങ്ങൾ അദ്ദേഹത്തിന്റെ ഹാച്ചറിയിലുണ്ട്. രണ്ടു ഹാച്ചറികളിലായി 19200 സ്ക്വയർഫീറ്റിൽ പരന്നുകിടക്കുന്ന ഈ ഹാച്ചറികളിൽ നിന്ന് പ്രതിമാസം മൂന്ന് ലക്ഷം രൂപയിലധികം രൂപയാണ് വരുമാനമായി നേടുന്നത്. 2024 ലെ മികച്ച അലങ്കാര മത്സ്യകൃഷി കർഷകനുള്ള കേന്ദ്ര, സംസ്ഥാന അവാർഡുകളടക്കം നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന്റെ സംരംഭകത്വ മികവിനെതേടി എത്തിയിട്ടുണ്ട്. മത്സ്യക്കൃഷി ഒരു കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ് മുഹമ്മദ് ബിൻ ഫാറൂഖിന്റെ നേട്ടങ്ങൾ.
