ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ, സൂപ്പർഹിറ്റ് ചിത്രം ‘മാർക്കോ’യ്ക്ക് ശേഷം ആൻ്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രമാണ് ‘കാട്ടാളൻ’. ഷരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്ന തരത്തിലുള്ളതാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് പെപ്പെ ചിത്രത്തിൽ എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചന നൽകുന്നു. റിലീസിന് മുൻപ് തന്നെ ഈ ചിത്രം ഒരു റെക്കോർഡ് ഡീൽ സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
മലയാള സിനിമയിലെ ഏറ്റവും വലിയ ഓവർസീസ് ഡീൽ സ്വന്തമാക്കിയാണ് ആൻ്റണി വർഗീസിൻ്റെ ‘കാട്ടാളൻ’ വാർത്തകളിൽ ഇടം നേടിയത്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത്. വമ്പൻ സാങ്കേതിക മികവോടെയും വലിയ ബജറ്റോടെയും എത്തുന്ന ഈ ചിത്രം മലയാളത്തിലെ മികച്ച ദൃശ്യവിസ്മയമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, അടുത്തിടെ തായ്ലൻഡിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിങ്ങിനിടെ ആൻ്റണി വർഗീസ് പെപ്പെക്ക് പരിക്കേറ്റിരുന്നു. ഒരു ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിൻ്റെ കൈയ്ക്ക് പൊട്ടലേറ്റത്. നിലവിൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം താരം വിശ്രമത്തിലാണ്. ഈ അപകടത്തെ തുടർന്ന് സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.
ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഒരുക്കുന്ന ‘കാട്ടാളൻ’ ഷൂട്ടിംഗ് ആരംഭിച്ചത് ലോകപ്രശസ്ത തായ്ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ ‘ഓങ്-ബാക്കി’ന്റെ സ്റ്റണ്ട് കോറിയോഗ്രാഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനൊപ്പമാണ്. ‘ഓങ്-ബാക്ക്’ സിനിമയിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിൽ നിന്നുള്ളവരും പാൻ-ഇന്ത്യൻ താരങ്ങളും ഉൾപ്പെടെ വലിയ താരനിരയാണ് ഈ ചിത്രത്തിൽ ഒരുമിക്കുന്നത്.
