Home » Top News » Kerala » മമ്മൂട്ടി കമ്പനിയുടെ സിനിമകൾ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്: വെളിപ്പെടുത്തി മമ്മൂട്ടി
Siddaramaiah-121

മികച്ച നിലവാരം കൊണ്ട് പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ മിനിമം ഗ്യാരന്റിയുള്ള ബാനറാണ് മമ്മൂട്ടി കമ്പനി. ഈ ബാനറിൽ പുറത്തിറങ്ങുന്ന ഏഴാമത്തെ ചിത്രമാണ് ‘കളങ്കാവൽ’. ഒരു ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ കെ. ജോസ് ആണ്. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിതിൻ. ഡിസംബർ 5-നാണ് ‘കളങ്കാവൽ’ തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന അഭിമുഖത്തിൽ കമ്പനിയുടെ പ്രോജക്റ്റ് തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി.

മമ്മൂട്ടി കമ്പനിയുടെ അടുത്ത സിനിമ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ശ്രദ്ധേയമാണ്. “ഒരുപക്ഷേ, വേറൊരു നിർമ്മാതാവിന് ചെയ്യാൻ സാധിക്കാത്തതോ, അല്ലെങ്കിൽ എന്നെ വെച്ച് ചെയ്യാൻ താൽപര്യമില്ലാത്തതോ, ഉറപ്പായുമുള്ള സാമ്പത്തിക വിജയം തീർച്ചയില്ലാത്തതോ ആയ സിനിമകൾ ആയിരിക്കാം നമ്മൾ എടുക്കുന്നത്,” മമ്മൂട്ടി പറയുന്നു. വാണിജ്യപരമായ വശങ്ങളുള്ള സിനിമകളാണെങ്കിൽ പോലും അതിന് പ്രത്യേകതകൾ വേണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘റോഷാക്ക്’, ‘കണ്ണൂർ സ്ക്വാഡ്’, ‘ടർബോ’ എന്നിവയെല്ലാം അത്തരത്തിലുള്ള ചിത്രങ്ങളായിരുന്നുവെന്നും, അങ്ങനത്തെ സിനിമകളാണ് തങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കി.

കരിയറിൽ നാനൂറിലധികം സിനിമകൾ പൂർത്തിയാക്കിയ മമ്മൂട്ടി, അതിനായി അയ്യായിരത്തിലേറെ കഥകൾ ഇതിനോടകം കേട്ടിട്ടുണ്ടാകുമെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ‘കളങ്കാവൽ’ കേരളത്തിൽ വിതരണം ചെയ്യുന്നത് വേഫെറർ ഫിലിംസാണ്. ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ ‘കളങ്കാവലി’നായി കാത്തിരിക്കുന്നത്. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ലഭിച്ചു.