സമൂഹത്തിൽ സ്നേഹവും ഐക്യവും പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട്, നടി ഐശ്വര്യ റായ് ബച്ചന്റെ പ്രസംഗം വൈറലാകുന്നു. പുട്ടപർത്തിയിൽ (ആന്ധ്രാപ്രദേശ്) നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തപ്പോഴാണ് ഐശ്വര്യ റായ് ജാതിയെയും മതത്തെയും കുറിച്ച് ശക്തമായ സന്ദേശം പങ്കുവെച്ചത്. കഴിഞ്ഞ ഒരു വർഷമായി സ്വന്തം വിവാഹബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ നിറയുന്നതിനിടെയാണ്, ഐക്യത്തെക്കുറിച്ചുള്ള നടിയുടെ ഈ സന്ദേശം പുറത്തുവന്നത്.
ശ്രീ സത്യസായി ബാബയെ ആദരിച്ചുകൊണ്ട് സംസാരിച്ച ഐശ്വര്യ റായ്, അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളെക്കുറിച്ചും സംസാരിച്ചു. ‘ഒരു ജാതി മാത്രമേയുള്ളൂ, മനുഷ്യത്വത്തിന്റെ ജാതി’. ഒരു മതമേയുള്ളൂ, സ്നേഹത്തിന്റെ മതം. ഒരു ഭാഷ മാത്രമേയുള്ളൂ, ഹൃദയത്തിന്റെ ഭാഷ, ഒരു ദൈവമേയുള്ളൂ, അവൻ സർവ്വവ്യാപിയാണ്,” അവർ പറഞ്ഞു.
അഞ്ച് ‘ഡി’ കൾ അഥവാ അച്ചടക്കം (Discipline), സമർപ്പണം (Dedication), ഭക്തി (Devotion), ദൃഢനിശ്ചയം (Determination), വിവേചനം (Discrimination) എന്നീ “അഞ്ച് ഡി”കളെ ഐശ്വര്യ ഓർമ്മിപ്പിക്കുകയും എല്ലാവരോടും സ്നേഹം പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടി നന്ദി അറിയിക്കുകയും ചെയ്തു.
പൊതുവേദികളിൽ നൽകുന്ന ഈ ശക്തമായ സന്ദേശങ്ങൾക്കിടയിലും, ഐശ്വര്യയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച അഭ്യൂഹങ്ങൾ വലിയ ചർച്ചാവിഷയമാണ്. 2007 ഏപ്രിലിൽ അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ഐശ്വര്യക്ക് ആരാധ്യ ബച്ചൻ എന്ന മകളുണ്ട്. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇവരുടെ വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിൽ ദമ്പതികൾ വെവ്വേറെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. മകൾ ആരാധ്യയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ ഐശ്വര്യ പങ്കുവെച്ചപ്പോൾ, അതിൽ അഭിഷേക് ഉൾപ്പെടെ ബച്ചൻ കുടുംബാംഗങ്ങളാരും പങ്കെടുത്തില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു. ഈ വർഷത്തെ കാൻസിൽ ഐശ്വര്യ പ്രത്യക്ഷപ്പെട്ടപ്പോഴും അഭിഷേക് അവരെ പ്രോത്സാഹിപ്പിച്ചതായി കണ്ടില്ല.
കുടുംബത്തിന്റെ സ്വകാര്യ കാര്യങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് മുമ്പ് അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു. കുടുംബത്തിന്റെ സ്വകാര്യത പരിപാലിക്കുന്നതിനാൽ താൻ അപൂർവമായി മാത്രമേ കുടുംബകാര്യങ്ങൾ സംസാരിക്കാറുള്ളൂ എന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. “ഊഹാപോഹങ്ങൾ ഊഹാപോഹങ്ങളാണ്. അവ സ്ഥിരീകരണങ്ങളില്ലാത്ത അസത്യങ്ങളാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
