ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച നടക്കും. നിർണായകമായ ഈ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. എൻ.ഡി.എ മുഖ്യമന്ത്രിമാർക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ ക്ഷണമുണ്ട്. നിലവിൽ പട്നയിലെ ഗാന്ധി മൈതാനത്ത് വലിയ ആഘോഷത്തോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള ഫോർമുല തയ്യാറാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജി നൽകുമെന്നാണ് സൂചന. രാജിക്ക് പിന്നാലെ എൻ.ഡി.എ നിയമസഭാ കക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കും. ഇത്തവണയും മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും. ബി.ജെ.പിക്കും ജെ.ഡി.യുവിനും തുല്യമായ മന്ത്രിസ്ഥാനങ്ങൾ ലഭിക്കും. എൽ.ജെ.പിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും, ആർ.എൽ.എം, എച്ച്.എ.എം. എന്നീ പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനങ്ങളും നൽകാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി ബി.ജെ.പി. നിയമസഭാ കക്ഷി യോഗം നാളെ ചേരും. ജെ.ഡി.യു. എംഎൽഎമാർ ഇന്ന് പട്നയിൽ യോഗം ചേരും.
ഇതിനിടെ ലാലു പ്രസാദ് യാദവിന്റെ മകനും മുൻപ് ആർ.ജെ.ഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്തായ നേതാവുമായ തേജ് പ്രതാപ് യാദവ് എൻ.ഡി.എയുമായി സഹകരിക്കാൻ തീരുമാനിച്ചത് രാഷ്ട്രീയത്തിൽ ശ്രദ്ധേയമായി. സ്വന്തം പാർട്ടി രൂപീകരിച്ച് മത്സരിച്ച തേജ് പ്രതാപ് യാദവ് മുൻപ് വൻ പരാജയം നേരിട്ടിരുന്നു.
