കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബിറ്റ്കോയിന്റെ കുത്തനെയുള്ള ഇടിവ് നിക്ഷേപകർക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ക്രിപ്‌റ്റോകറൻസി വിപണിയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ബിറ്റ്‌കോയിൻ വില വീണ്ടും കുത്തനെ ഇടിഞ്ഞു. ഒക്ടോബർ 6 ന് ഏകദേശം 1,25,000 ഡോളറിലെത്തിയ ബിറ്റ്കോയിൻ ഇപ്പോൾ 30% ത്തിലധികം ഇടിഞ്ഞു, നവംബർ 23 വരെ, ബിറ്റ്കോയിൻ 86,174 ഡോളറിന് അടുത്താണ് വ്യാപാരം നടത്തിയത്, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 22% ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച് ബിറ്റ്കോയിൻ ഏകദേശം 87,016.76 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി നവംബർ 4ന് ഒറ്റയടിക്ക് ഒരു ലക്ഷം ഡോളറിന് താഴേക്ക് എത്തിയിരുന്നു. ഡിസംബറിൽ പലിശ നിരക്ക് വലിയ അളവിൽ കുറയ്ക്കില്ലെന്ന് ഫെഡറൽ റിസർവ് സൂചന നൽകിയതോടെ നിക്ഷേപർ ക്രിപ്‌റ്റോ വിപണിയിൽ നിന്നും പിന്മാറിയ്ട്ടുണ്ട്.
കൂടാതെ, അമേരിക്ക-ചൈന വ്യാപാര യുദ്ധ സാധ്യതയെക്കുറിച്ചുള്ള ആശങ്കയും ഒരു കാരണമാണ്. അമേരിക്കൻ സ്പോട്ട് ബിറ്റ്കോയിൻ ഇടിഎഫുകളിൽ നിന്നുള്ള വലിയ പിൻവലിക്കലുകളും നടന്നിട്ടുണ്ട്. ഈ മാസം മാത്രം ഈ ഇടിഎഫുകളിൽ ഏകദേശം 3 ബില്യൺ ഡോളറിന്റെ പിൻവലിക്കൽ ഉണ്ടായി.
ബിറ്റ്കോയിനിൽ നിന്ന് മാത്രമല്ല, മുഴുവൻ ഡിജിറ്റൽ അസറ്റ് വിപണിയിലും നിക്ഷേപകർ പിൻവാങ്ങുന്നതിനാൽ, റിസ്ക് എടുക്കാനുള്ള താൽപര്യം കുറയുന്നത് ഈ വ്യാപകമായ ഇടിവാണ് ഉണ്ടാക്കുന്നത്.
