തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള എൻ.ഡി.എയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 31 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുൻപ് 67 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മുൻ എം.പി. എ. സമ്പത്തിന്റെ സഹോദരൻ എ. കസ്തൂരി തൈക്കാട് വാർഡിൽ ബിജെപി സ്ഥാനാർത്ഥിയാകും. സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് 20 സീറ്റുകൾ ആവശ്യപ്പെട്ട സ്ഥാനത്ത് 3 സീറ്റുകൾ മാത്രമാണ് നൽകിയത്.
നന്ദൻകോട്, മുട്ടട, കേശവദാസപുരം വാർഡുകളിലാകും ബി.ഡി.ജെ.എസ് മത്സരിക്കുക. കൂടാതെ, ശിവസേനയ്ക്കും കെ.കെ.എസിനും ഒരോ സീറ്റുകൾ വീതം അനുവദിച്ചു. വിഴിഞ്ഞം ഉൾപ്പെടെയുള്ള 3 വാർഡുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുണ്ട്. അതേസമയം, കൊല്ലത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പുറത്തിറക്കി. കൊല്ലം കോർപ്പറേഷനിൽ 15 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ 21 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ ജില്ലാ പഞ്ചായത്തിൽ 5 പേരെയും ബ്ലോക്കിൽ 24 പേരെയും പ്രഖ്യാപിച്ചിട്ടുണ്ട്.
