നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ ശക്തമായ പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപാദ. വിധി എന്തായാലും താൻ അതിജീവിതയോടൊപ്പം എപ്പോഴുമുണ്ടാകുമെന്ന് അവർ എക്സിൽ കുറിച്ചു.”ഇന്നത്തെ വിധി എന്തായാലും ഞാൻ അതിജീവിതയോടൊപ്പം നിൽക്കും, എപ്പോഴും. പെൺകുട്ടി, നീ ഒരു ഹീറോയാണ്, നീ എന്നും ഒരു ഹീറോയാണ്,” ചിന്മയി കുറിച്ചു.
കൂടാതെ, കേസിൽ മൊഴി മാറ്റിയവർക്കെതിരെ രൂക്ഷമായ വിമർശനവും അവർ ഉന്നയിച്ചു. “നിനക്കുവേണ്ടി നിലകൊള്ളുന്നതായി നടിക്കുകയും കോടതിയിൽ പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ മൊഴി മാറ്റുകയും ചെയ്ത സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും, അർഹമായത് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ചിന്മയി കുറിച്ചു. അതേസമയം വിധിക്കെതിരെ പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു. “നമ്മൾ ഇപ്പോൾ കാണുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണ്,” എന്നായിരുന്നു പാർവതിയുടെ പ്രതികരണം. റിമ കല്ലിങ്കൽ അടക്കമുള്ളവരും അതിജീവിതയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും എന്നാണ് ലഭിക്കുന്ന വിവരം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിന്യായം പരിശോധിച്ച ശേഷമാകും തുടർനടപടി.
