Home » Top News » Kerala » പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആരംഭിച്ചു
dead-1-680x450

സിപിഐഎം എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറിനെ (29) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പാർട്ടി പ്രവർത്തകരിലും പ്രദേശവാസികളിലും വലിയ ഞെട്ടലുണ്ടാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പിലാണ് ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് വരെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ശിവകുമാർ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ, എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിൽ പ്രവർത്തകർക്കൊപ്പം ശിവകുമാർ പങ്കെടുത്തിരുന്നു. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തെ, പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് സമീപവാസികൾ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

സജീവ പ്രവർത്തകൻ

സിപിഐഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയായി അഞ്ചു വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു ശിവകുമാർ. കൂടാതെ, ഡിവൈഎഫ്‌ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗം, പികെഎസ് വില്ലേജ് കമ്മിറ്റിയംഗം എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു. വടക്കോട് സ്വകാര്യ ഫാമിൽ സൂപ്പർവൈസറായും പത്രവിതരണസഹായിയായും അദ്ദേഹം ജോലി ചെയ്തിരുന്നു.

കസബ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തതയില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മൃതദേഹം നിലവിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ചൊവ്വാഴ്ച 11.30-ന് ചന്ദ്രനഗർ വൈദ്യുതശ്മശാനത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *