ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ തോൽവി മുനമ്പിൽ നിൽക്കുന്ന സാഹചര്യത്തിൽ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരും ഒരുപോലെ ഉന്നയിക്കുന്നുണ്ട്. ചാമ്പ്യൻസ് ട്രോഫി, ഏഷ്യ കപ്പ് കിരീടങ്ങൾ നേടിയെങ്കിലും, ടെസ്റ്റ് ഫോർമാറ്റിൽ ഗംഭീറിൻ്റെ കോച്ചിങ് റിസൾട്ടുകൾ അത്ര മികച്ചതല്ല.
താരതമ്യേന ദുർബലരായ ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് ടീമുകളോടാണ് ഇന്ത്യ ഈ കാലയളവിൽ പരമ്പര ജയിച്ചത്. എന്നാൽ, ന്യൂസിലൻഡിനെതിരെ 3-0ന് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടു, ഓസ്‌ട്രേലിയയിൽ 3-1ന് പരാജയപ്പെട്ടു, ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2 സമനിലയിൽ അവസാനിച്ചു.
ഈ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ഗംഭീർ വഴിമാറുകയാണെങ്കിൽ, ഇന്ത്യൻ ടീമിൻ്റെ അടുത്ത കോച്ചാകാൻ സാധ്യതയുള്ള പ്രമുഖരുടെ പേരുകളാണ് ചർച്ചയാവുന്നത്. ഇതിൽ മുൻപന്തിയിലുള്ളത് വി.വി.എസ്. ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ എന്ന നിലയിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ലക്ഷ്മൺ, നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്.
നിരവധി തവണ ഇന്ത്യയുടെ ബാക്കപ്പ് ഹെഡ് കോച്ചായി പ്രവർത്തിച്ച അദ്ദേഹം ടി20 ഐ പരമ്പരകൾ നേടിയിട്ടുണ്ട്. മുൻ ബിസിസിഐ ചെയർമാനായ സൗരവ് ഗാംഗുലിയാണ് മറ്റൊരു ശക്തനായ സാധ്യത. അദ്ദേഹം നിലവിൽ സൗത്ത് ആഫ്രിക്ക 20 ടീമായ പ്രിട്ടോറിയ ക്യാപിറ്റൽസിൻ്റെ മുഖ്യ പരിശീലകനും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടറും മെൻ്ററുമായിരുന്നു.
വിദേശ കോച്ചുമാരുടെ പട്ടികയിൽ ആൻഡി ഫ്ലവർ, മഹേല ജയവർധന, ടോം മൂഡി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. മുൻ സിംബാംബ്‌വേ ക്യാപ്റ്റനായ ആൻഡി ഫ്ലവർ വിവിധ രാജ്യങ്ങളിലും മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികളിലും ഹെഡ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. ശ്രീലങ്കയെ 2014-ലെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മഹേല ജയവർധന, മുംബൈ ഇന്ത്യൻസിന് മൂന്ന് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ്.
