കേരള ലാന്റ് അസൈൻമെന്റ് (റഗുലറൈസേഷൻ ഓഫ് കോൺട്രാവെൻഷൻസ്) ചട്ടങ്ങൾ 2025 പ്രകാരം, പട്ടയ വ്യവസ്ഥകളിലെ ലംഘനങ്ങൾ ക്രമീകരിച്ച് നൽകുന്നതിനായി നിർമിച്ച ക്‌ളാർക് (klarc) പോർട്ടൽ പ്രവർത്തനസജ്ജമായതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 23 മുതൽ പൊതുജനങ്ങൾക്ക് www.klarc.kerala.gov.in പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാനാകും. വളരെ ലളിതമായ രീതിയിൽ എല്ലാവർക്കും കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് പോർട്ടൽ രൂപകൽപന ചെയ്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച ഒരു ട്യൂട്ടോറിയൽ വീഡിയോ പോർട്ടലിൽ തന്നെ ഉൾക്കൊളളിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
താമസത്തിനുളള കെട്ടിടങ്ങളും 3000 ചതു.അടി വരെയുളള വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മിതികളും ക്രമവത്കരിക്കാൻ ഫോം എ, പൊതു ഇടങ്ങൾ, പൊതു കെട്ടിടങ്ങൾ, എയ്ഡഡ് സ്‌കൂൾ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണം ക്രമവത്കരിക്കുന്നതിന് ഫോം ബി, ഇവയിൽ ഉൾപ്പെടാതെയുളള മറ്റ് ചട്ടങ്ങൾ ക്രമീകരിക്കുന്നതിനുളള ഫോം ഡി എന്നിങ്ങനെ മൂന്ന് തരത്തിൽ പോർട്ടലിലൂടെ അപേക്ഷിക്കാം.
അപേക്ഷക്കാസ്പദമായ ഭൂമി സ്ഥിതി ചെയ്യുന്ന ജില്ലയും താലൂക്കും വില്ലേജും തണ്ടപ്പേർ നമ്പരും രേഖപ്പെടുത്തി സെർച്ച് ചെയ്യുമ്പോൾ റിലീസിൽ നിന്നും മറ്റെല്ലാ വിവരങ്ങളും ലഭ്യമാകത്തക്കവിധമാണ് പോർട്ടൽ സജ്ജീകരിച്ചിട്ടുളളത്. അപേക്ഷാ സമർപ്പണം മുതൽ ഉത്തരവ് വരെ, ചെല്ലാൻ അടയ്ക്കുന്നതുൾപ്പടെ പൂർണ്ണമായും ഓൺലൈനായാണ് നിർവ്വഹിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തത്തിൽ തകർന്ന റോഡുകളുടെ നിർമ്മാണത്തിനായി ‘സുവീഥി’ പോർട്ടൽ
പ്രകൃതി ദുരന്തത്തിൽ തകർന്ന സംസ്ഥാനത്തെ റോഡുകളുടെ നിർമ്മാണ അനുമതി മുതൽ ബിൽ സമർപ്പണം വരെയുളള എല്ലാ പ്രവൃത്തികളും നിർവ്വഹിക്കുന്നതിനായി ദുരന്ത നിവാരണ വകുപ്പിന് കീഴിൽ ‘സുവീഥി’ എന്ന പേരിൽ പുതിയ പോർട്ടൽ സജ്ജീകരിച്ചു. ജനപ്രതിനിധികൾക്ക് അവരുടെ അധികാരപരിധിയിൽ വരുന്ന പ്രകൃതി ദുരന്തത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ച് അപേക്ഷ സമർപ്പിക്കുന്നതിനും അതിന്റെ പുരോഗതികൾ ഓൺലൈനായി നിരീക്ഷിക്കുന്നതിനും സൗകര്യമുളള പോർട്ടലാണിത്. പോർട്ടലിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിയമസഭയിൽ വെച്ച് നിർവഹിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു.
