കാട്ടാനയായ ‘പടയപ്പ’ വീണ്ടും മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങി. മൂന്നാർ ലോക്ക് ഹാർട്ട് എസ്റ്റേറ്റ് പുതുലൈൻ ഭാഗത്താണ് പടയപ്പയുടെ സാന്നിധ്യമുള്ളത്. കഴിഞ്ഞ രണ്ടു ദിവസമായി ജനവാസ മേഖലയിൽ തുടരുന്ന ആന പ്രദേശത്തെ കൃഷിയിടങ്ങൾ നശിപ്പിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.
ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ആർ.ആർ.ടി (റാപ്പിഡ് റെസ്പോൺസ് ടീം) സംഘം പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്. കാട്ടാന തിരികെ വനത്തിലേക്ക് മടങ്ങിപ്പോകാനാണ് കൂടുതൽ സാധ്യതയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആർ.ആർ.ടി വ്യക്തമാക്കി. ആർ.ആർ.ടി വെറ്ററിനറി ഡോക്ടർ സിദ്ധാർത്ഥ് ശങ്കർ പകർത്തിയ പടയപ്പയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും പടയപ്പ ജനവാസ മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. മൂന്നാർ ദേവികുളം ലോവർ ഡിവിഷനിലെ ഒരു റേഷൻ കടയ്ക്ക് നേരെ പടയപ്പ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ദേശീയപാതയിലിറങ്ങിയ കാട്ടാന, ലോക്ക്ഹാർട്ടിലെ ടോൾ ബൂത്ത് കടന്നെത്തിയ വാഹനങ്ങൾ തടഞ്ഞ് ഗതാഗത തടസ്സവും ഉണ്ടാക്കിയിരുന്നു.
