ശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് 12.00 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഡെമോ കാണുവാനായി ഏകദേശം 50000ത്തിനധികം പൊതുജനങ്ങൾ എത്തിച്ചേരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം സിറ്റി പോലീസിൻ്റെ ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 0471-2558731എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതുമാണ്. പൊതുജനങ്ങൾക്ക് അനുവദിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുളളൂ. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതാണ്.
ചാക്ക, കല്ലുംമൂട്, സ്റ്റേഷൻകടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളിൽ നിന്നും ശംഖുംമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. വാഹനങ്ങളുടെ പാസ് പരിശോധിച്ച് പാർക്കിംഗ് ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കും.
പ്രത്യേക ക്ഷണിതാക്കളുടെയും മീഡിയയുടെയും വാഹനങ്ങൾ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ചാക്ക-ആൽസെയിൻ്റ്സ് വഴി ശംഖുമുഖത്ത് എത്തി ആളുകളെ ഇറക്കിയതിന് ശേഷം പാസിലെ ക്യുആർ കോഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതും അതിനുശേഷം വരുന്ന വാഹനങ്ങൾ ഈഞ്ചക്കൽ-കല്ലുംമ്മൂട്-പൊന്നറപാലം-വലിയതുറ-ഡൊമസ്റ്റിക് എയർപോർട്ട് വഴിയും പോകേണ്ടതാണ്.
പാസ് അനുവദിക്കപ്പെട്ട കാണികളുടെ വാഹനങ്ങൾ ചാക്ക-ആൽ സെയിന്റ്സ്-ബാലനഗർ റോഡ് വഴിയും ചാക്ക-ആൽസെയിന്റ്സ്-മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ്-വെട്ടുകാട് വഴിയും പാസിൽ അനുവദിക്കപ്പെട്ട പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതും നേവി ഏർപ്പെടുത്തിയിട്ടുളള വാഹനങ്ങളിൽ കണ്ണാന്തുറ എത്തി പരിപാടി കാണുകയും പരിപാടി കഴിഞ്ഞതിന് ശേഷം നേവി ഏർപ്പെടുത്തിയ വാഹനങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങളിൽ എത്തി തിരികെ പോകേണ്ടതുമാണ്.
പാസ്സില്ലാതെ പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ, വാഹനങ്ങൾ തിരുവനന്തപുരം സിറ്റി പരിധിയിൽ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതും, പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കണ്ടതിനുശേഷം വെട്ടുകാട് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ കയറി അതാത് പാർക്കിംഗ് ഗ്രൗണ്ടുകളിലേക്ക് തിരികെ പോകേണ്ടതാണ്.
ഉച്ചയ്ക്ക് ഒരു മണി മുതൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവ്വീസ് നടത്തുന്നതാണ്.
