ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങൾ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയന്ത്രണ പരിധിയിൽ വരുന്നില്ലെന്ന മുന്നറിയിപ്പിനെ തുടർന്ന് നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കുന്നു. ഫിൻടെക് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള നിക്ഷേപം പിൻവലിക്കൽ മൂന്നിരട്ടിയായി വർധിച്ചതായാണ് റിപ്പോർട്ട്.
നിക്ഷേപകർ ആശങ്കയിൽ
നവംബർ എട്ടിനാണ് ഫിൻടെക് പ്ലാറ്റ്‌ഫോമുകൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ ഗോൾഡ്, മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ പരിധിയിൽ വരുന്നില്ലെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഇതു കാരണം, പണം തിരികെ ലഭിക്കുന്ന കാര്യത്തിൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ ആശങ്കയാണ് നിക്ഷേപകരെ കൂട്ടത്തോടെ പിൻമാറ്റത്തിലേക്ക് നയിക്കുന്നത്. നിലവിൽ, മിക്ക നിക്ഷേപകരും തങ്ങളുടെ പണം സെബിയുടെ നിയന്ത്രണത്തിലുള്ള ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ട് എന്നിവയിലേക്ക് മാറ്റുകയാണ്.
എന്തുകൊണ്ട് സെബിയുടെ നിയന്ത്രണത്തിന് പുറത്ത്?
സ്വർണത്തിന് ബദലായി അവതരിപ്പിച്ച ഡിജിറ്റൽ ഗോൾഡിനെ സെക്യൂരിറ്റികളായോ കമ്മോഡിറ്റി ഡെറിവേറ്റീവുകളായോ തരംതിരിച്ചിട്ടില്ല. അതിനാൽ ഇവ സെബിയുടെ നിയന്ത്രണ പരിധിക്ക് പുറത്താണ്. കൂടാതെ, ഈ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾ കെവൈസി (KYC) മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നതിലും വ്യക്തതയില്ല. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ നടത്തുന്ന ഇടപാടുകളുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ചും ആശങ്കകളുണ്ട്.
ഉപഭോക്താക്കളുടെ നിക്ഷേപത്തിന് ആനുപാതികമായി കമ്പനികൾ സ്വർണം ലോക്കറുകളിൽ സൂക്ഷിക്കുന്നുണ്ടോ എന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നു. സ്വർണവില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ നിക്ഷേപകരുടെ എണ്ണം കൂടിയ സമയത്താണ് സെബിയുടെ ഈ നിർണായക മുന്നറിയിപ്പ് പുറത്തുവരുന്നത്. 2021-ലും സെബി സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.
