ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എംപിവിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില വർദ്ധിപ്പിച്ചു. രാജ്യത്തെ തങ്ങളുടെ മുഴുവൻ പാസഞ്ചർ വാഹനങ്ങളുടെയും വില പുതുക്കുന്നതിന്റെ ഭാഗമായാണ് ടൊയോട്ടയുടെ ഈ നടപടി. മോഡലുകളെയും വകഭേദങ്ങളെയും അടിസ്ഥാനമാക്കി 21,000 രൂപ മുതൽ 33,000 രൂപ വരെയാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് വർദ്ധിച്ചിരിക്കുന്നത്. ഡീസൽ എൻജിനിൽ മാത്രം ലഭ്യമായ ഈ കരുത്തുറ്റ വാഹനത്തിന് വിപണിയിൽ വലിയ പ്രിയമാണുള്ളത്.
വേരിയന്റുകൾ പരിശോധിക്കുമ്പോൾ, പ്രാരംഭ പതിപ്പായ ‘GX’ വേരിയന്റിനാണ് ഏറ്റവും വലിയ വില വർദ്ധനവ് നേരിട്ടത്; ഏകദേശം 33,000 രൂപയോളമാണ് ഈ മോഡലിന് കൂടിയത്. മിഡ്-സ്പെക് പതിപ്പായ ‘GX+’ വേരിയന്റുകൾക്ക് 21,000 രൂപയും, ഉയർന്ന പതിപ്പുകളായ ‘VX’, ‘ZX’ എന്നിവയ്ക്ക് യഥാക്രമം 25,000 രൂപയും 26,000 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്.
വില പരിഷ്കരണത്തിന് മുൻപ് 18.66 ലക്ഷം രൂപ മുതൽ 25.27 ലക്ഷം രൂപ വരെയായിരുന്നു ക്രിസ്റ്റയുടെ എക്സ്-ഷോറൂം വില. എന്നാൽ പുതിയ വർദ്ധനവോടെ ഇത് 18.99 ലക്ഷം രൂപ മുതൽ 25.53 ലക്ഷം രൂപ വരെയായി ഉയർന്നു. നിർമ്മാണച്ചെലവിലെ വർദ്ധനവാണ് ജനപ്രിയ എംപിവിയുടെ വില ഉയർത്താൻ കമ്പനിയെ പ്രേരിപ്പിച്ചത്.
