ചെങ്കോട്ടയിൽ സ്ഫോടനത്തിന് ഉപയോഗിച്ച ഹരിയാന രജിസ്ട്രേഷനിലുള്ള ഐ 20 കാർ പുൽവാമ സ്വദേശിയായ യുവാവ് വാങ്ങിയത് കഴിഞ്ഞ മാസം 29നെന്ന് പൊലീസ്. ഇയാളുടെ പുൽവാമയിലെ വീട്ടിൽ പരിശോധന നടത്തുകയാണ് പൊലീസ്. ആസൂത്രിത ആക്രമണമെന്ന് മന്ത്രി ജിതിൻറാം മാഞ്ചി ആരോപിച്ചു. കാര്‍ വിറ്റത് ദേവേന്ദ്ര എന്ന വ്യക്തിക്കാണെന്നാണ് ഹരിയാനയിലെ മുൻ കാറുടമ മുഹമ്മദ് സൽമാൻ മൊഴി നൽകിയിരുന്നത്. പിന്നീട് കാര്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നുമാണ് മൊഴി. വാഹനം സാമ്പത്തിക ഞെരുക്കം കാരണം വിറ്റെന്ന് സൽമാൻറെ ഭാര്യ പൊലീസിന് മൊഴി നൽകിയത്. കാറിന്‍റെ രണ്ടാമത്തെ ഉടമസ്ഥൻ ദേവീന്ദ്രയാണ്. ദേവീന്ദ്രനിൽ നിന്ന് വണ്ടി വാങ്ങിയത് അമീർ എന്നയാളാണ് വാഹനം വാങ്ങിയതെന്നാണ് വിവരം. അമീറിൽ നിന്നാണ് പുൽവാമ സ്വദേശി താരിഖ് വാഹനം വാങ്ങിയത്. താരിഖ് വാഹനം ഉമ്മര്‍ മുഹമ്മദിന് കൈമാറിയെന്നുമാണ് വിവരം. ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാര്‍ക്ക് സ്ഫോടനത്തിൽ പങ്കുള്ളതായും സംശയമുണ്ട്.
ഇതിനിടെ, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ റെഡ് ഫോര്‍ട്ട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചാവേര്‍ ഭീകരാക്രമണ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. അപകടം നടന്ന സ്ഥലം തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി വെള്ള കർട്ടൻ കൊണ്ട് മൂടിയിട്ടുണ്ട്. സ്ഫോടനം കാരണം റോഡിൽ കുഴിയൊന്നും ഉണ്ടായില്ല. മരിച്ചവരുടെ ശരീരത്തിൽ ചീളുകൾ കയറിയതായി കാണുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകി. അമേരിക്കയും ബ്രിട്ടണും ഇന്ത്യയിലുള്ള പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്തുടനീളമുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്നാണ് എംബസികൾ അറിയിച്ചിരിക്കുന്നത്
