തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നടപടി വിജയകരമായി. ഈ നിയന്ത്രണം മൊത്തം ഗതാഗതം സുഗമമാക്കാൻ സഹായിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പോലീസും സംയുക്തമായി അറിയിച്ചു.
റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം 74 അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, ഈ വർഷം ഇതുവരെ 37 അപകടങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. ഇതോടെ അപകടങ്ങളുടെ എണ്ണത്തിൽ 50 ശതമാനം കുറവ് രേഖപ്പെടുത്തി.
ഈ നിയന്ത്രണത്തോടെ റോഡുകളിലെ ശരാശരി വേഗതയും വർധിച്ചു. എമിറേറ്റ്സ് റോഡിൽ മണിക്കൂറിൽ ശരാശരി 26 കിലോമീറ്ററായും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മണിക്കൂറിൽ 19 കിലോമീറ്ററായും വേഗത വർധിച്ചു. ഗതാഗതം സുഗമമാകുന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ വർധനയെന്നും ആർടിഎ വ്യക്തമാക്കി. ഈ നിയന്ത്രണം 2025 ജനുവരി 1 മുതലാണ് എമിറേറ്റ്സ് റോഡിൽ പ്രാബല്യത്തിൽ വന്നത്.
