Home » Blog » Top News » കേരളം പാലുല്‍പാദനത്തില്‍ റെക്കോഡ് വളര്‍ച്ച കൈവരിച്ചു: മുഖ്യമന്ത്രി
pinarayivijayan-kiCG-621x414LiveMint-1-560x414

സംസ്ഥാനം പാലുല്‍പാദനത്തില്‍ റെക്കോഡ് വളര്‍ച്ച കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രാമം മൈതാനത്ത് ക്ഷീരസംഗമം ‘പടവ് 2026’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പത്ത് വ്യവസ്ഥയില്‍ ക്ഷീരമേഖലവഹിക്കുന്ന പങ്ക് വലുതാണ്. കാര്‍ഷിക കേരളത്തിന്റെ സുസ്ഥിര വികസനവാഗ്ദാനമായി ക്ഷീരമേഖല ഉയര്‍ന്നു. സംസ്ഥാനത്ത് മെച്ചപ്പെട്ട ഉപജീവനമാര്‍ഗമായി പശുവളര്‍ത്തല്‍ മാറി. ക്ഷീരമേഖലയില്‍ യുവസംരംഭകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി. പാലില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അതിവേഗംഅടുക്കുകയാണ്.

പാലില്‍നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ക്ഷീരമേഖലയ്ക്ക് ബഡ്ജറ്റില്‍ റെക്കോഡ് തുക വകയിരുത്തിയത്. അനുവദിച്ചതുകയില്‍ 95 ശതമാനം ചിലവഴിച്ചതും ശ്രദ്ധേയമാണ്. കാലിത്തീറ്റ സബ്‌സിഡി ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്കായി നല്‍കി. വേനല്‍ക്കാലത്ത് പച്ചപ്പുല്ലിന്റെ ലഭ്യതകുറവ് പരിഹരിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് തരിശ് ഭൂമിയില്‍ തീറ്റപുല്ല് കൃഷി വ്യാപകമാക്കി.

ബ്ലോക്ക്തലത്തില്‍ വെറ്ററിനറി സേവനം മെച്ചപ്പെടുത്തി. രാത്രികാലങ്ങളിലും മൃഗ ചികിത്സ ഉറപ്പാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തി. ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കറവപ്പശുക്കളെ വാങ്ങാനുള്ള ധനസഹായവും പലിശരഹിത വായ്പകളും ഉറപ്പാക്കി.

നവകേരള നിര്‍മാണത്തിന്റെഭാഗമായി ക്ഷീരമേഖലയില്‍ ആധുനികവല്‍ക്കരണം ആവശ്യമാണ്. ശാസ്ത്രീയമായ പരിപാലനരീതികള്‍ കൂടുതലായി അവലംബിക്കണം. പാല്‍ ഉല്‍പാദനത്തോടൊപ്പം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം വിപുലീകരിക്കണം. പ്രാദേശികതലത്തില്‍ സഹകരണസംഘങ്ങള്‍വഴിയും പാലുല്‍പന്നങ്ങള്‍ വിപണിയിലേക്ക് എത്തിക്കണം. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് സഹകരണ സംഘങ്ങള്‍ തിരിഞ്ഞപ്പോള്‍ സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. പുതുതലമുറ കൂടുതലായി ക്ഷീരമേഖലയിലേക്ക് കടന്നുവരണം.

സ്റ്റാര്‍ട്ടപ്പുകളും സാങ്കേതികവിദ്യയും ക്ഷീരമേഖലയുമായി കൈകോര്‍ക്കണം. സ്മാര്‍ട്ട് ക്യാറ്റില്‍ ഷെഡുകളും ഓട്ടോമാറ്റിക് മില്‍ക്കിങ് യന്ത്രങ്ങളും ഗ്രാമങ്ങളില്‍ അടക്കം സാധാരണമാകാന്‍ വ്യവസായവകുപ്പുമായി ചേര്‍ന്ന് ക്ഷീരവികസന വകുപ്പ് പ്രവര്‍ത്തിക്കണം എന്നും പറഞ്ഞു. വിവിധ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയായി. ക്ഷീരമേഖലയിലെ ഉല്‍പാദനക്ഷമതയില്‍ രണ്ടാം സ്ഥാനത്താണ് സംസ്ഥാനം. മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. 32 കോടി രൂപ ചിലവഴിച്ച് പാല്‍പ്പൊടി ഫാക്ടറി സ്ഥാപിച്ചു. 162 ബ്ലോക്ക് പഞ്ചായത്തുകളില്‍ വെറ്ററിനറി ആംബുലന്‍സ് സേവനങ്ങള്‍ ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. വിവിധ അവാര്‍ഡുകള്‍ ചടങ്ങില്‍ നല്‍കി.