Home » Blog » Top News » കുട്ടി ഗവേഷകര്‍ക്കായി ‘സ്ലാം’ മോഡല്‍ പ്രസന്റേഷന്‍ ഐ ഐ ടി പാലക്കാടില്‍ ആരംഭിച്ചു
IIT_Palakkad_DSCN1100

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം (SSK), കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല (CUSAT) എന്നിവയുടെ സംയുക്ത സംരംഭമായ ‘സ്ട്രീം എക്കോ സിസ്റ്റം’ പദ്ധതിയുടെ ഭാഗമായി കുട്ടി ഗവേഷകര്‍ക്കായി സംഘടിപ്പിക്കുന്ന സ്ലാം മോഡല്‍ അവതരണങ്ങള്‍ക്ക് ഐഐടി പാലക്കാടില്‍ തുടക്കമായി. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ടി.എം. ശശി പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി നടക്കുന്ന അക്കാദമിക് സെമിനാറില്‍ ജില്ലയിലെ 13 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.

സാമൂഹിക പ്രസക്തിയുള്ള വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 54 ഗവേഷണ പ്രോജക്ടുകളാണ് വേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഫീല്‍ഡ് തല പഠനങ്ങള്‍, സ്ഥാപന സന്ദര്‍ശനങ്ങള്‍, പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെ രൂപപ്പെടുത്തിയ ഈ പ്രോജക്റ്റുകള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്താശേഷിയും ഗവേഷണ താല്പര്യവും വളര്‍ത്താന്‍ ലക്ഷ്യമിടുന്നു. പരിപാടിയുടെ ഭാഗമായി വിപുലമായ പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ മികവ് കാഴ്ചവെക്കുന്ന കുട്ടി ഗവേഷകര്‍ക്ക് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന സംസ്ഥാനതല അവതരണങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

പരിപാടിയില്‍ കുസാറ്റ് സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി ഡയറക്ടര്‍ പി. ഷൈജു, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എന്‍. കൃഷ്ണകുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി. ശശിധരന്‍, ഐഐടി അഡ്മിനിസ്ട്രേറ്റര്‍ ജയശ്രീ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.