കാസ്റ്റിങ് കൗച്ച് ആരോപണത്തിൽ വ്യക്തത വരുത്തി തമിഴ് സീരിയൽ നടി മന്യ ആനന്ദ്. ധനുഷിനും നടന്റെ മാനേജർ ശ്രേയസിനും എതിരെ താൻ ആരോപണം ഉന്നയിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് നടി വ്യക്തമാക്കി. മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ തന്റെ പേര് ഉപയോഗിക്കുന്നതിൽ നടി ഖേദം പ്രകടിപ്പിച്ചു. സൺ ടിവിയിലെ ‘വാനത്തെയ് പോലെ’ എന്ന പരമ്പരയിലൂടെ പ്രശസ്തയായ നടിയാണ് മന്യ.
തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി പ്രതികരിച്ചത്. ധനുഷിന്റെ മാനേജറിന്റെ പേര് ഉപയോഗിച്ച് നടന്ന സംഭവത്തേപ്പറ്റിയാണ് താൻ പറഞ്ഞത്. കാസ്റ്റിങ് കൗച്ചിന് എതിരായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എടുത്ത ആ വീഡിയോയിലെ ഒരു ഭാഗം അടർത്തിയെടുത്താണ് തെറ്റായി ഉപയോഗിക്കുന്നതെന്നും നടി പറഞ്ഞു. ധനുഷിനെയോ അദ്ദേഹത്തിന്റെ മാനേജരേയോ ഉദ്ദേശിച്ചല്ല തന്റെ പരാമർശം. അവരുടെ പേര് ദുരുപയോഗം ചെയ്ത വ്യാജ വ്യക്തിയേപ്പറ്റിയാണ് താൻ സംസാരിച്ചത്. നിഗമനങ്ങളിൽ എത്തിച്ചേരും മുന്‍പ് മുഴുവൻ വീഡിയോയും കാണണം എന്നും നടി കൂട്ടിച്ചേർത്തു.
ധനുഷിന്റെ മാനേജർ ശ്രേയസ് എന്ന വ്യാജേന ഒരാള്‍ അനുചിതമായി സംസാരിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ധനുഷിന്റെ സിനിമയിൽ അഭിനയിക്കാൻ അഡ്‌ജസ്റ്റ്‌മെന്റുകൾ വേണ്ടിവരും എന്ന് തന്നെ വിളിച്ചയാൾ പറഞ്ഞതായി നടി വെളിപ്പെടുത്തിയത്. ആവശ്യം നിരസിച്ചപ്പോൾ “ഇത് ധനുഷ് സാറിന് വേണ്ടിയാണെങ്കിൽ നിങ്ങൾ സമ്മതിക്കില്ലേ?” എന്ന് അയാൾ ചോദിച്ചതായും മാന്യ ആരോപിച്ചു. ഇതാണ് ധനുഷിനും മാനേജർക്കും എതിരായ കാസ്റ്റിങ് കൗച്ച് ആരോപണം എന്ന നിലയ്ക്ക് പ്രചരിച്ചത്
