നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷയ്ക്ക് എതിരെ നടൻ ഹരീഷ് കണാരൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് പ്രൊഡക്ഷൻ കൺട്രോളര് സിദ്ധു പനയ്ക്കൽ. വിഷയത്തിൽ ബാദുഷയുടെ വിശദീകരണം വന്നാലെ സത്യാവസ്ഥ മനസിലാകുകയുള്ളൂ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. സ്ഥലം രജിസ്ട്രേഷനെന്ന് പറഞ്ഞ് ഒരാഴ്ചത്തെ അവധിയില് കടം വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരകെ നൽകുന്നില്ലെന്നായിരുന്നു ഹരീഷ് കണാരന്റെ ആരോപണം. പണം തിരികെ ചോദിച്ചതിന് ‘എആർഎം’ പോലുള്ള സിനിമകളിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും ഹരീഷ് ആരോപണം ഉന്നയിച്ചിരുന്നു.
അഞ്ച് വർഷത്തോളം ഹരീഷ് കണാരന്റെ ഡേറ്റ് നോക്കിയത് ബാദുഷയാണെന്ന് പറയുന്നു. ആ സമയത്ത് ഹരീഷ് ബാദുഷയ്ക്ക് ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് ഹരീഷ് വ്യക്തമാക്കിയിട്ടില്ല. എന്ത് ധാരണയുടെ പുറത്താണ് ഹരീഷിന്റെ ഡേറ്റ് ബാദുഷ നോക്കിയിരുന്നത് എന്നും നമുക്ക് അറിയില്ല ബാദുഷയുടെ ഭാഗത്തുനിന്ന് ഇതിന് ഒരു വിശദീകരണവും വന്നിട്ടില്ല. ബാദുഷയുടെ വിശദീകരണം വരുമ്പോഴേ നമുക്ക് ഇതിന്റെ സത്യാവസ്ഥ മനസ്സിലാകുകയുള്ളൂവെന്നും സിദ്ധു പനയ്ക്കൽ ഫേസ്ബുക്കിൽ കുറിച്ചു.
സിദ്ധു പനയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലും ചാനലുകളിലും ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. തന്റെ കയ്യിൽ നിന്നു കടം വാങ്ങിയ വാങ്ങിയ പൈസയിൽ ഒരു വലിയ എമൗണ്ട് ഇനിയും തിരികെ കൊടുക്കാനുണ്ട് എന്ന് പറഞ്ഞ് ഹരീഷ് കണാരൻ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്കെതിരെ നടത്തിയ പ്രസ്താവനയാണ് പിന്നീട് ഓൺലൈൻ മീഡിയയിൽ വലിയ ചർച്ചയായത്.
അഞ്ചുവർഷത്തോളം ഹരീഷ് കണാരന്റെ ഡേറ്റ് നോക്കിയത് ബാദുഷയാണെന്ന് പറയുന്നു. ആ സമയത്ത് ഹരീഷ് ബാദുഷയ്ക്ക് ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് ഹരീഷ് വ്യക്തമാക്കിയിട്ടില്ല. എന്ത് ധാരണയുടെ പുറത്താണ് ഹരീഷിന്റെ ഡേറ്റ് ബാദുഷ നോക്കിയിരുന്നത് എന്നും നമുക്ക് അറിയില്ല ബാദുഷയുടെ ഭാഗത്തുനിന്ന് ഇതിന് ഒരു വിശദീകരണവും വന്നിട്ടില്ല. ബാദുഷയുടെ വിശദീകരണം വരുമ്പോഴേ നമുക്ക് ഇതിന്റെ സത്യാവസ്ഥ മനസ്സിലാകുകയുള്ളൂ.
ഹരീഷ് കണാരൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയായിരിക്കും, അല്ലെങ്കിൽ അദ്ദേഹം ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നു പറയില്ലല്ലോ. പണമിടപാടിന്റെ പേരിൽ അവസരം ഇല്ലാതാക്കി എന്ന് ഹരീഷ് പറഞ്ഞത് ശരിയാണെങ്കിൽ അത് പാടില്ലാത്തതാണ്. പക്ഷേ ബാദുഷയുടെ ഭാഗം കൂടി കേട്ടാലേ അതിനൊരു വ്യക്തത വരികയുള്ളൂ. കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു കൊടുക്കേണ്ടത് തന്നെയാണ്.
എന്റെ രണ്ടു പടത്തിലെ ഹരീഷ് കണാരൻ അഭിനയിച്ചിട്ടുള്ളൂ. ഒപ്പം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ഒരു പ്രശ്നവും ഉണ്ടാക്കാതെ കറക്റ്റ് സമയത്ത് വന്ന് അഭിനയിച്ചു പോയ ആളാണ് ഹരീഷ്. ഇതിൽ രണ്ടാമത്തെ പടം “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന” യുടെ സമയത്ത് ഞാൻ ഹരീഷിനെ വിളിച്ചപ്പോൾ ബാദുക്കയാണ് ഡേറ്റ് നോക്കുന്നത് ശമ്പളം പറയുന്നത്. ചേട്ടൻ ബാദുക്കയെ വിളിച്ചോളൂ എന്ന് പറഞ്ഞു. ഹരീഷും ധർമ്മജനും ഉണ്ടായിരുന്നു ആ പടത്തിൽ. രണ്ടുപേരുടെയും ഡേറ്റ് നോക്കിയിരുന്നത് ബാദുഷയാണ്.
ഞാൻ ബാദുഷയെ വിളിച്ച് ഇവരോട് രണ്ടുപേരോടും നേരിട്ട് സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. ഇല്ല രണ്ടുപേരോടും ചേട്ടൻ നേരിട്ട് സംസാരിച്ച് ഡേറ്റും ശമ്പളവും ഫിക്സ് ചെയ്തോളൂ എന്ന് ബാദുഷ പറഞ്ഞു.
ഒരു ഓണക്കാലത്ത് ഞങ്ങൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ മുഴുവൻ മെമ്പർമാർക്കും ഓണക്കിറ്റ് കൊടുത്ത ആളാണ് ബാദുഷ. കൂടാതെ കോവിഡ് കാലത്ത് ഒരുപാട് സുമനസ്സുകളുടെ സഹായത്തോടെ കോവിഡ് കിച്ചൻ നടത്തി ധാരാളം പേർക്ക് മാസങ്ങളോളം ഭക്ഷണം കൊടുക്കുന്നതിന് നേതൃത്വം കൊടുത്തതും ബാദുഷയാണ്. അങ്ങിനെ നന്മയുടെ നല്ലൊരു വശവും ബാദുഷക്കുണ്ട്.
സോഷ്യൽ മീഡിയയിൽ ബാദുഷയെ ചീത്തവിളിച്ച് ധാരാളം കമന്റുകൾ വരുന്നുണ്ട്. ഹരീഷ് കണാരന്റെ പ്രസ്താവനയ്ക്ക് ബാദുഷയുടെ വിശദീകരണം വന്നാലേ നമുക്ക് സത്യാവസ്ഥ മനസ്സിലാവുകയുള്ളൂ. എത്രയും പെട്ടെന്ന് കാര്യങ്ങൾ വ്യക്തമാക്കാനുള്ള ബാധ്യത ബാദുഷക്കുണ്ട്.
ആരെയും ന്യായീകരിക്കാൻ വേണ്ടിയല്ല ഈ കുറിപ്പ് എന്റെ അനുഭവങ്ങൾ പറയാനാണ്. എന്ത് കാര്യത്തിനും ഒരു രണ്ടുവശം ഉണ്ടല്ലോ.ഈ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവർ ഉണ്ടാവും. ഞാൻ പറഞ്ഞത് എന്റെ അനുഭവവും അഭിപ്രായവുമാണ്.
