നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് വെബ് അടക്കമുള്ള വെബ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഇടയ്ക്കിടെ ലോഗ് ഔട്ട് ആയി പോകുന്നുണ്ടെങ്കിൽ പരിഭ്രമിക്കേണ്ടതില്ല. രാജ്യത്ത് പുതുതായി പ്രാബല്യത്തിൽ വന്ന ടെലികോം നിയന്ത്രണങ്ങളുടെ ഭാഗമാണിത്. സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ഇനിമുതൽ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഓരോ ആറ് മണിക്കൂറിലും തനിയെ ലോഗ് ഔട്ട് ചെയ്യപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
രാജ്യത്തെ സൈബർ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളിൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) മാറ്റങ്ങൾ വരുത്തി. ഇതിന്റെ ഫലമായി, വാട്‌സ്ആപ്പ് വെബ്, ടെലിഗ്രാം വെബ് തുടങ്ങി സമാനമായ എല്ലാ വെബ് അധിഷ്ഠിത മെസേജിംഗ് പ്ലാറ്റ്‌ഫോമുകളും ഇനിമുതൽ ഓരോ ആറ് മണിക്കൂറിലും സ്വയമേവ ലോഗ്ഔട്ട് ചെയ്യപ്പെടും. വീണ്ടും ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ മൊബൈലിൽ നിന്ന് ക്യുആർ കോഡ് സ്കാൻ ചെയ്ത് ലോഗിൻ ചെയ്യേണ്ടി വരും. ഈ പുതിയ സംവിധാനം 90 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുത്താൻ മെസേജിംഗ് ആപ്പ് കമ്പനികളോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ഇനിമുതൽ വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ അടക്കമുള്ള ആപ്ലിക്കേഷനുകൾ, ഫോണിൽ ആക്ടീവ് സിം കാർഡ് ഇല്ലാതെ പ്രവർത്തിക്കില്ല. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഒടിപി വഴി ഒരിക്കൽ മാത്രം സ്ഥിരീകരണം നടത്തി, പിന്നീട് സിം കാർഡ് നീക്കം ചെയ്‌താലും ആപ്പ് ഉപയോഗിക്കാമെന്ന നിലവിലെ രീതിക്ക് ഇതോടെ മാറ്റം വരും. സൈബർ തട്ടിപ്പുകാർ ഈ പഴുതുകൾ മുതലെടുക്കുന്നത് തടയാനാണ് പുതിയ നിർദ്ദേശം. DoT പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ 120 ദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കണം. വീഴ്ച വരുത്തുന്ന കമ്പനികൾക്ക് 2023-ലെ ടെലികമ്മ്യൂണിക്കേഷൻ ആക്ട് അടക്കമുള്ള നിയമങ്ങൾ അനുസരിച്ച് കർശന നടപടികൾ നേരിടേണ്ടിവരും.
