വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. നടപ്പാക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രമാണ് പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, സി.പി ജോൺ, ദീപാ ദാസ് മുൻഷി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രകടനപത്രിക അവതരിപ്പിച്ചത്. ആശാ വർക്കർമാർക്ക് 2000 രൂപയുടെ പ്രത്യേക അലവൻസ് പ്രഖ്യാപിച്ചതാണ് പത്രികയിലെ പ്രധാന ആകർഷണം.
സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്നതിന് പ്രത്യേക പദ്ധതിയും ഇതിനായി 13 ശതമാനം പഞ്ചായത്ത് ഫണ്ട് മാറ്റിവയ്ക്കുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നു. മയക്കുമരുന്നിൽ നിന്ന് യുവജനങ്ങളെ രക്ഷിക്കാൻ പ്രത്യേക പദ്ധതികൾ, തൊഴിലില്ലായ്മ പരിഹരിക്കാൻ പഞ്ചായത്ത് തലത്തിൽ പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കൽ, കൂടാതെ നൂറ് തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തൽ തുടങ്ങിയ വാഗ്ദാനങ്ങൾ യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിടുന്നു.
പാർപ്പിടം സംബന്ധിച്ച വാഗ്ദാനങ്ങളിൽ, വീടില്ലാത്തവർക്ക് പ്രത്യേക താമസസൗകര്യം ഒരുക്കും. വീട് നിർമ്മിക്കുന്നതുവരെ വാടകയ്ക്ക് വീട് ഒരുക്കുമെന്നും എല്ലാവർക്കും വീട് ഉറപ്പുവരുത്തുമെന്നും പത്രികയിൽ പറയുന്നു. മാലിന്യം, ശുചിത്വം എന്നിവ ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ സീറോ വേസ്റ്റ് പദ്ധതികൾ, ഹരിത കർമ്മ സേനയെ കൂടുതൽ കാര്യക്ഷമമാക്കൽ, വൃത്തിയുള്ള മാർക്കറ്റുകൾ ഉറപ്പുവരുത്തൽ എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ദാരിദ്ര്യ നിർമ്മാർജനത്തിനായി ആശ്രയ-2 നവീകരിച്ച് നടപ്പിലാക്കുമെന്നും പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നും യുഡിഎഫ് അറിയിച്ചു.
ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ആറ് പ്രധാന കോർപ്പറേഷനുകളിൽ വിദേശ രാജ്യങ്ങളിലേത് പോലെ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും. ഗ്രാമീണ റോഡുകൾ ഗുണനിലവാരമുള്ളതാക്കും, തെരുവ് വിളക്ക് സംവിധാനം മെച്ചപ്പെടുത്തും. സുരക്ഷ ഉറപ്പാക്കാൻ തെരുവുനായ ശല്യത്തിനെതിരെ പദ്ധതികൾ, വന്യജീവികളിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡ് എന്നിവയും പത്രികയിലുണ്ട്. എല്ലാവർക്കും ഗുണനിലവാരമുള്ള കുടിവെള്ളം, എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ആധുനിക മാർക്കറ്റ്, ടൂറിസം പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് സഹായം, എല്ലാ പഞ്ചായത്തുകളിലും സേവാഗ്രാം ഉറപ്പാക്കൽ എന്നിവയും പ്രധാന വാഗ്ദാനങ്ങളാണ്. അധികാര വികേന്ദ്രീകരണം അതിൻ്റെ ശരിയായ അർത്ഥത്തിൽ നടപ്പിലാക്കുമെന്നും യുഡിഎഫ് പ്രകടനപത്രിക ഉറപ്പുനൽകുന്നു.
