നവംബർ 19, 2025 ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലെ ഉണങ്ങാത്ത മുറിവായി അഹമ്മദാബാദിലെ ലോകകപ്പ് ഫൈനൽ തോൽവിക്ക് ഇന്ന് രണ്ട് വയസ്സ് തികയുന്നു. രോഹിത് ശർമ്മ നയിച്ച ഐക്കോണിക് സംഘം ഏകദിന ലോകകപ്പ് നേടാത്തതിന്റെ വേദന കാലം വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ചെപ്പോക്കിൽ തുടങ്ങി വാംഖഡെ വരെ തുടർന്ന അജയ്യമായ യാത്രയായിരുന്നു രോഹിത് ശർമ്മയുടെ ‘ഇൻവിൻസിബിൾ സംഘം’ കാഴ്ചവെച്ചത്.
പവർപ്ലേയിൽ എതിരാളികളെ നിഷ്പ്രഭമാക്കിയ നായകൻ, അസാധാരണ പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്‌ലിയും മുഹമ്മദ് ഷമിയും, ഒപ്പം ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന ടീം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സുന്ദരമായ അധ്യായമാണ് സൃഷ്ടിച്ചത്. എന്നാൽ ആ സ്വപ്നയാത്രയ്ക്ക് അഹമ്മദാബാദിൽ ഓസ്‌ട്രേലിയയുടെ രൂപത്തിൽ പര്യവസാനമുണ്ടായി.
രോഹിത്തിന്റെ നിമിഷം
നവംബര്‍ 19, 2023, ആ രാത്രി, ആവേശത്തിലായിരുന്ന അഹമ്മദാബാദ് സ്റ്റേഡിയം നിശബ്ദമായത് രോഹിത് ശർമ്മയുടെ വിക്കറ്റ് വീണപ്പോഴായിരുന്നു. ലോകകപ്പ് ഫൈനലിൽ ക്രീസ് വിട്ടിറങ്ങി ഹേസൽവുഡിനെയും സ്റ്റാർക്കിനെയും ബൗണ്ടറി കടത്തിക്കൊണ്ട് രോഹിത് ആക്രമണോത്സുകമായ തുടക്കം നൽകി. പത്താം ഓവറിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഫ്ലൈറ്റഡ് ഡെലിവറി സിക്സറിന് ശ്രമിക്കവെ, ഷോട്ടിന്റെ താളം നഷ്ടപ്പെട്ട് പന്ത് കവർ പോയിന്റിലേക്ക് ഉയർന്നുപൊങ്ങി. പിറകോട്ടോടി ട്രാവീസ് ഹെഡ് ആ ക്യാച്ച് കൈയിലൊതുക്കി. അഹമ്മദാബാദിൽ നിശബ്ദത ആഴ്ന്നിറങ്ങി. ആ നിമിഷം ഓസ്‌ട്രേലിയക്ക് മത്സരത്തിൽ മേൽക്കൈ നൽകി.
കോഹ്‌ലിയുടെ പതനം
പിന്നാലെ ശ്രേയസ് അയ്യരും വീണു. പ്രതീക്ഷയുടെ ഭാരം തോളിലേറ്റിയ വിരാട് കോഹ്‌ലി, കെ.എൽ. രാഹുലുമായി 18 ഓവർ ചെറുത്തുനിന്നു. എന്നാൽ ഗിയർ ഷിഫ്റ്റിന് ശ്രമിച്ച സമയത്ത് പാറ്റ് കമ്മിൻസ് പന്തെറിയാനെത്തി. ഓഫ് സ്റ്റമ്പിനെ ലക്ഷ്യമാക്കിയെത്തിയ ഷോർട്ട് ബോൾ തേർഡ് മാനിലേക്ക് കളിക്കാൻ ശ്രമിച്ച കോഹ്ലിക്ക് പിഴച്ചു, പന്ത് ഡ്രാഗ് ചെയ്ത് സ്റ്റമ്പിലേക്ക്. തലകുനിച്ച് കോഹ്ലി മടങ്ങുമ്പോൾ കൈകൾ വിരിച്ച് പറന്നിറങ്ങുകയായിരുന്നു കമ്മിൻസ്. ലോകകപ്പ് ചരിത്രം കണ്ട മികച്ച പ്രകടനങ്ങളിലൊന്ന് അവിടെ അവസാനിച്ചു. 240 റൺസെന്ന ചെറിയ സ്കോറാണ് ഇന്ത്യയ്ക്ക് നേടാനായത്.
ട്രാവിസ് ഹെഡ് എന്ന ദുരന്തം
ബുംറയും ഷമിയും ചേർന്ന് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാർണറെയും മാർഷിനെയും സ്റ്റീവ് സ്മിത്തിനെയും തുടക്കത്തിൽ തന്നെ പുറത്താക്കി ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും, രോഹിത്തിന്റെ ക്യാച്ചെടുത്ത അതേ ട്രാവിസ് ഹെഡ് ഇന്ത്യയുടെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ബുംറ, ഷമി, ജഡേജ, കുൽദീപ്, സിറാജ്… രോഹിത്തിന്റെ ആയുധങ്ങൾക്ക് ഹെഡ്ഡിന്റെ കൊടുങ്കാറ്റിനെ പിടിച്ചുകെട്ടാനായില്ല. ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടിയ ഹെഡ്ഡും മാർനസ് ലെബുഷെയ്‌നും ചേർന്ന് 36 ഓവർ നീണ്ട കൂട്ടുകെട്ട് ഓസ്‌ട്രേലിയക്ക് വിജയം ഉറപ്പാക്കി.
കണ്ണീരിന്റെ അന്ത്യം
കിരീടത്തിന് ഒരു റൺസ് അകലെ ഹെഡ് മടങ്ങിയെങ്കിലും, ഒടുവിൽ ഗ്ലെൻ മാക്സ്‌വെൽ വിജയറൺ പൂർത്തിയാക്കി. തോൽവിക്ക് ശേഷം ജേഴ്‌സിയിൽ മുഖം മറച്ച് കണ്ണീരണിഞ്ഞ് രോഹിത് ശർമ്മയും തലകുനിച്ച് വിരാട് കോഹ്‌ലിയും ഡ്രസ്സിങ് റൂമിലേക്ക് നടന്നു. വിക്കറ്റ് കീപ്പർ പൊസിഷനിൽ തന്നെ സങ്കടമടക്കാനാകാതെ കെ.എൽ രാഹുൽ ഇരുന്നു. സിറാജ് പൊട്ടിക്കരഞ്ഞു. സുന്ദരമായ ആ അധ്യായത്തിന് കണ്ണീരിന്റെ ഉപ്പുരസത്തോടെ പര്യവസാനമായി. എന്നാൽ ആ തോൽവി ഒരു പാഠമായിരുന്നു, ട്വന്റി 20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും രോഹിത് ശർമ്മയുടെ സംഘം നേടിയെങ്കിലും, നവംബർ 19-ന്റെ മുറിവിനെ ഉണക്കാൻ ഒന്നിനും സാധിച്ചിട്ടില്ല. 2027 ലോകകപ്പിനായി കാത്തിരിക്കാം.
