ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിലും മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയുടെ രൂക്ഷവിമർശനം. ഇത്രയും മോശം പരിഗണന നൽകാൻ സഞ്ജു എന്തുതെറ്റാണ് ചെയ്തതെന്നും, വ്യക്തമായൊരു കാരണം പോലുമില്ലാതെ ടീം മാനേജ്മെന്റ് എന്തിനാണ് വിജയകരമായ ഓപ്പണിംഗ് സഖ്യത്തെ മാറ്റിയതെന്നും ഉത്തപ്പ ചോദ്യം ചെയ്തു.
വിജയകരമായ ഓപ്പണിംഗ് സഖ്യം തകർത്തു
സഞ്ജു-അഭിഷേക് ഓപ്പണിംഗ് സഖ്യത്തെ മാറ്റിയതിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഉത്തപ്പ പറഞ്ഞു. രണ്ടാം മത്സരത്തിന് മുമ്പ് സൂര്യകുമാർ യാദവ് പറഞ്ഞത് സഞ്ജുവിന് മുമ്പ് ഗില്ലായിരുന്നു ഓപ്പണർ എന്നായിരുന്നു. എന്നാൽ, അവസരം ലഭിച്ചപ്പോൾ മൂന്ന് സെഞ്ച്വറികൾ നേടിയാണ് സഞ്ജു ഓപ്പണിംഗ് സ്ഥാനം സ്വന്തമാക്കിയത്. യുവതാരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായിരുന്നു സഞ്ജു. അതിനുശേഷമാണ് അഭിഷേകും തിലകും സെഞ്ച്വറി നേടിയത്. ഒരുപക്ഷേ സഞ്ജുവിന്റെ സെഞ്ച്വറിയാകാം ഇവർക്ക് പ്രചോദനമായതെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.
കാരണം കൂടാതെ അവഗണന
“ആദ്യം ഒരു കാരണവുമില്ലാതെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റുന്നു. പിന്നെ പതുക്കെ ടീമിൽ നിന്നുതന്നെ ഒഴിവാക്കുന്നു. അവൻ എന്ത് തെറ്റാണ് ചെയ്തത്?” ഉത്തപ്പ ചോദിച്ചു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സഞ്ജുവിന് പകരം ഓപ്പണിങ്ങിൽ എത്തിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറേ മത്സരങ്ങളായി മോശം ഫോമിലാണ് ഗിൽ കളിക്കുന്നത്. ഏഷ്യ കപ്പ് മുതൽ തുടങ്ങിയ ഈ മാറ്റം ഒടുവിൽ സഞ്ജുവിനെ മധ്യനിരയിലേക്കും, അവസാനം ടീമിന് പുറത്തേക്കും എത്തിച്ചു. ആരാധകരും മുൻ താരങ്ങളും വിമർശനം ഉയർത്തിയിട്ടും ടീം മാനേജ്മെന്റ് തീരുമാനം തിരുത്താൻ തയ്യാറാകാത്തതിലുള്ള അമർഷവും ഉത്തപ്പ പങ്കുവെച്ചു.
