Home » Blog » Top News » അങ്ങാടിപ്പുറം ശ്രീ തളി ക്ഷേത്ര ഭരണത്തിന് ട്രസ്റ്റി ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചത് സുപ്രീംകോടതി വിധിപ്രകാരം -മലബാര്‍ ദേവസ്വം ബോര്‍ഡ്
images (61)

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ശ്രീ തളി ക്ഷേത്ര ഭരണത്തിന് ട്രസ്റ്റി ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചത് സുപ്രീംകോടതി വിധി പ്രകാരമാണെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ടി സി ബിജു അറിയിച്ചു. ക്ഷേത്രത്തെ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ കൊണ്ടുവരാന്‍ നീക്കം നടത്തുന്നെന്നാരോപിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി സംഘടിപ്പിക്കാനിരിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ നിയമാനുസൃതമല്ലെന്നും ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

2006 മുതല്‍ രണ്ടു തവണയായി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി ബോര്‍ഡ് നിയമനത്തിന് ദേവസ്വം ബോര്‍ഡ് ശ്രമിച്ചിരുന്നെന്നും ഈ ശ്രമങ്ങള്‍ ഹൈകോടതിയും സുപ്രീംകോടതിയും തടഞ്ഞതാണെന്നും വിധി വന്ന് മാസങ്ങള്‍ കഴിയുന്നതിന് മുമ്പ് നിയമനത്തിന് ശ്രമിക്കുന്നതായുമാണ് ആരോപണം. 1951ലെ ഹിന്ദുമത ധര്‍മസ്ഥാപന നിയമത്തിനു കീഴില്‍ വരുന്ന ക്ഷേത്രമാണെന്ന് 1987ല്‍ ഹൈകോടതി അന്തിമവിധി പറഞ്ഞതാണ്. ഇതുപ്രകാരം നേരത്തെ ഹിന്ദുമത ധര്‍മ സ്ഥാപന (ഭരണ) വകുപ്പിന്റെയും 2008 മുതല്‍ വകുപ്പിന് പകരം രൂപീകരിക്കപ്പെട്ട മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും നിയന്ത്രണത്തില്‍ ഭരണം നടത്തേണ്ട ക്ഷേത്രമാണിത്. ട്രസ്റ്റി നിയമനത്തിന് മലപ്പുറം അസിസ്റ്റന്റ് കമീഷണര്‍ നിയമപ്രകാരം അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിരുന്നതാണ്. ഈ നടപടിയെ എതിര്‍ത്ത് ക്ഷേത്ര സംരക്ഷണ സമിതി ഹൈകോടതിയില്‍ ഹരജി നല്‍കുകയും ഇത് 2017ല്‍ കോടതി തള്ളുകയും ചെയ്തു. വിധിക്കെതിരെ ക്ഷേത്ര സംരക്ഷണ സമിതി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നതിനാല്‍ ട്രസ്റ്റി നിയമനത്തിനുള്ള നടപടികള്‍ അസിസ്റ്റന്റ് കമീഷണര്‍ നിര്‍ത്തിവെച്ചിരുന്നു. 2025 ഏപ്രില്‍ 22ന് പുറപ്പെടുവിച്ച വിധിയില്‍ നിയമനത്തിന് നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഇതുപ്രകാരമാണ് മലപ്പുറം അസിസ്റ്റന്റ് കമീഷണര്‍ വീണ്ടും ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വസ്തുതകള്‍ മറച്ചുവെച്ചുള്ള പ്രക്ഷോഭങ്ങളില്‍നിന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി പിന്മാറണമെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ടി സി ബിജു അറിയിച്ചു.