Your Image Description Your Image Description

മലപ്പുറം: മലപ്പുറത്ത് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. പുലർച്ചെ മമ്പാട് വണ്ടൂർ റോഡിൽ ചീനി മരം കടപുഴകി വീണു റോഡ് ഗതാഗതം രണ്ട് മണിക്കൂറോളം തടസപെട്ടു. മുണ്ടുപറമ്പ് ബൈപ്പാസിൽ റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞു. നാല് പേർക്ക് പരിക്കേറ്റു. കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി അസ്ലം, സഹോദരൻ സലാം, ഇരുവരുടെയും ഭാര്യമാർ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളം നിറഞ്ഞതിനാൽ കുഴി കാണാൻ കഴിയാതിരുന്നതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ കോടാലി പൊയിൽ വീടിനു മുകളിൽ തേക്ക് മരം കടപുഴകി വീണു. മുഹമ്മദിന്‍റെ വീടിനു മുകളിലാണ് മരം വീണത്. മുഹമ്മദും ഭാര്യ ഖദീജയും വീട്ടിൽ ഉള്ളപ്പോഴാണ് മരം വീണത്. ആളപായമില്ല.

മലയോര മേഖലയിൽ മാത്രമല്ല തീരദേശ മേഖലയിലും മലപ്പുറത്ത് നാശനഷ്ടങ്ങളുണ്ട്. ശക്തമായ കാറ്റിലും കടലാക്രമണത്തിലും മലപ്പുറം പൊന്നാനി പാലപ്പെട്ടി തീരത്താണ് വലിയ നാശനഷ്ടമുണ്ടായത്. ഇവിടെ രണ്ട് വീടുകൾ പൂർണമായും തകരുകയും നാല് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. സുലൈമാൻ കറുപ്പും വീട്ടിൽ, വടക്കൂട്ട് മൊയ്തീൻ എന്നിവരുടെ വീടുകളാണ് തകർന്നത്. കിഴക്കേതിൽ കോയ, ചുള്ളിയിൽ അലീമ, ഹൈദർ ഉണ്ണിയാൽ വീട്ടിൽ റസീന ഹാജിയാരാകത്ത് എന്നിവരുടെ വീടുകളിലേക്ക് കടൽ വെള്ളം കയറി.

Related Posts