Your Image Description Your Image Description

വാട്‌സ്ആപ്പിലെ മെറ്റ എഐക്ക് നിങ്ങളുടെ ഗ്രൂപ്പ് ചാറ്റുകൾ വായിക്കാൻ കഴിയുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ. നിങ്ങൾ ഏതെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാണെങ്കിൽ മെറ്റ എഐക്ക് നിങ്ങളുടെ ചാറ്റുകൾ മനസിലാക്കാന്‍ കഴിയുമെന്നാണ് വിജയ് ശേഖർ ശർമ്മയുടെ മുന്നറിയിപ്പ് നൽകിയത്. മെറ്റ എഐക്ക് ഡിഫോൾട്ടായി വാട്‌സ്ആപ്പ് ചാറ്റുകൾ സ്‍കാൻ ചെയ്യാൻ കഴിയുമെന്നാണ് വിജയ് ശേഖർ ശർമ്മയുടെ വാദം. ഒപ്പം ചാറ്റ് വായിക്കുന്നതിൽ നിന്ന് എഐയെ എങ്ങനെ തടയാമെന്ന് ഉപയോക്താക്കൾക്ക് കാണിച്ചുകൊടുക്കുന്നതിനായി അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി ഓണാക്കാൻ ഉപദേശിക്കുന്ന ഒരു സ്ക്രീൻഷോട്ടും അദേഹം തന്‍റെ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

വാട്‌സ്ആപ്പ് പ്രൈവസി സംബന്ധിച്ചുള്ള പേടിഎം സ്ഥാപകന്‍റെ ഈ പോസ്റ്റിന് വാട്‌സ്ആപ്പ് ട്രാക്കറായ വാബീറ്റാഇൻഫോ മറുപടി നൽകുന്നുണ്ട്. വാട്‌സ്ആപ്പിലെ മെറ്റ എഐക്ക് നിങ്ങൾ ഷെയർ ചെയ്യാൻ അനുവദിക്കുന്നത് മാത്രമേ വായിക്കാൻ സാധിക്കൂവെന്നും, നിങ്ങളുടെ എല്ലാ ചാറ്റുകളോ കോൺടാക്റ്റുകളോ ആക്‌സസ് ചെയ്യാൻ കഴിയില്ല എന്നും വാബീറ്റാഇൻഫോ പറയുന്നു. നിലവിലുള്ള ഒരു ചാറ്റിൽ നിങ്ങൾ ആവശ്യപ്പെടാതെ മെറ്റ എഐ ഓപ്ഷന്‍ എനാബിള്‍ ആവില്ല. വാട്‌സ്ആപ്പിലെ നിങ്ങളുടെ സന്ദേശങ്ങൾ ഡിഫോൾട്ടായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തിരിക്കുന്നു. അതായത്, നിങ്ങൾക്കും നിങ്ങൾ ചാറ്റ് ചെയ്യുന്ന ആളുകൾക്കും മാത്രമേ അവ വായിക്കാനോ പങ്കിടാനോ സാധിക്കൂ എന്നാണ് വാബീറ്റാഇന്‍ഫോയുടെ വിശദീകരണം.

 

വാട്‌സ്ആപ്പില്‍ നിങ്ങളുടെ ഗ്രൂപ്പ് ചാറ്റുകളും വ്യക്തിഗത സന്ദേശങ്ങളും എപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി സംരക്ഷിക്കപ്പെടുന്നു എന്നാണ് മെറ്റ അവകാശപ്പെടുന്നത്. ഗ്രൂപ്പ് ചാറ്റുകളില്‍ നിങ്ങൾ പരാമർശിക്കുന്ന സന്ദേശങ്ങള്‍ മാത്രമേ മെറ്റ എഐ ക്ക് തിരിച്ചറിയാനാകൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മെറ്റ എഐ, നിങ്ങളുടെ ചാറ്റുകൾ നിശബ്‌ദമായി സ്‍കാൻ ചെയ്യില്ല. വാട്‌സ്ആപ്പില്‍ ഏപ്രിലിൽ അവതരിപ്പിച്ച ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ സെറ്റിംഗ്‍സ് നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ ചാറ്റ് എക്‌സ്‌പോർട്ട് ചെയ്യുന്നതിൽ നിന്നും, മീഡിയ ഓട്ടോ-ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും, മെറ്റ എഐയിലേക്ക് കണ്ടന്‍റ് അയയ്ക്കുന്നതിൽ നിന്നും മറ്റുള്ളവരെ തടയുന്നുണ്ട്.

Related Posts