Your Image Description Your Image Description

സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിലെ 18 സ്ഥാപനങ്ങൾ കൂടാതെ 33 ജില്ല/ജനറൽ ആശുപത്രികൾ, 88 താലൂക്ക് ആശുപത്രികൾ, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 512 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 14 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 3 പബ്ലിക് ഹെൽത്ത് ലാബുകൾ, 5 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. തിരുവനന്തപുരം 121, കൊല്ലം 45, പത്തനംതിട്ട 27, ആലപ്പുഴ 49, കോട്ടയം 45, ഇടുക്കി 27, എറണാകുളം 83, തൃശൂർ 79, പാലക്കാട് 57, മലപ്പുറം 81, കോഴിക്കോട് 68, വയനാട് 33, കണ്ണൂർ 55, കാസർഗോഡ് 30 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിൽ ഇ ഹെൽത്ത് സജ്ജമാക്കിയത്. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

 

ആരോഗ്യ രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരുന്നു. ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓൺലൈനായി ഒപി ടിക്കറ്റ്, എം-ഇഹെൽത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക് സംവിധാനങ്ങൾ എന്നിവ അടുത്തിടെ സജ്ജമാക്കി. ഇതുവരെ 2.62 കോടിയിലധികം ജനങ്ങൾ ഇ ഹെൽത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷൻ എടുത്തു. താത്ക്കാലിക രജിസ്ട്രേഷനിലൂടെ 8.88 കോടിയിലധികമാണ് ചികിത്സ തേടിയത്. 15.27 ലക്ഷം പേരാണ് ഇ ഹെൽത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്.

 

ഇ ഹെൽത്തിലൂടെ ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇ ഹെൽത്ത് പോർട്ടൽ (https://ehealth.kerala.gov.in) വഴിയും എം-ഇഹെൽത്ത് ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാൻസ് ടോക്കൺ എടുക്കാം. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.

Related Posts