Your Image Description Your Image Description

ബംഗളൂരു: ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് രേണുക സ്വാമി കൊലക്കേസിലെ രണ്ടാം പ്രതി കന്നട സൂപ്പർ സ്റ്റാർ ദർശൻ. സാക്ഷിക്കൊപ്പം സിനിമയുടെ പ്രീമിയർ ഷോ കാണുന്ന ദൃശ്യങ്ങൾ പുറത്ത്. കർണാടക ഹൈകോടതിയിൽ നിന്ന് ജാമ്യം നേടിയ നടൻ ബുധനാഴ്ച ബംഗളൂരു കോടതിയിൽ ഹാജരാകണമെന്ന നിർദേശം പാലിക്കാതെയാണ് മാളിൽ സിനിമ കണാനെത്തിയത്.

കടുത്ത പുറം വേദന കാരണം കോടതിയിൽ ഹാജരാകാനാകില്ലെന്നാണ് അഭിഭാഷകൻ അറിയിച്ചത്. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നടന് ജാമ്യം അനുവദിച്ചതിനെതിരെ കർണാടക പൊലീസ് ഫയൽ ചെയ്ത അപ്പീൽ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് വ്യവസ്ഥാലംഘനം.

കേസിൽ സാക്ഷിയായ നടൻ ചിക്കണ്ണക്കൊപ്പം ദർശൻ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിനിമ മേഖലയിലും പുറത്തും വിവാദം കൊഴുക്കുകയാണ്. നിയമപ്രകാരം ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികൾക്ക് കേസിൽ ഉൾപ്പെട്ട സാക്ഷികളെ കാണാൻ അനുവാദമില്ല. സംസ്ഥാന പൊലീസ് ഈ ലംഘനങ്ങളെ ഗൗരവമായി കാണുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ദർശന് ജാമ്യം നൽകിയതിനെ കർണാടക പൊലീസ് വകുപ്പ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ച കന്നട ചിത്രമായ ‘വാമന’യുടെ പ്രീമിയർ ഷോയിൽ ദർശൻ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദർശന്റെ സുഹൃത്തായ ധൻവീർ ഗൗഡയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബംഗളൂരുവിലെ മാളിലേക്ക് പ്രവേശിക്കുമ്പോൾ ദർശൻ മുടന്തി നടക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. അവിടെ തടിച്ചുകൂടിയ ആരാധകർ ദർശനെ സ്തുതിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ദർശൻ മാളിൽ എത്തിയത്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന സിനിമ മുഴുവൻ കണ്ടു.

ബുധനാഴ്ച വിവാദമായ ആരാധക കൊലക്കേസ് പരിഗണിച്ച ബംഗളൂരു കോടതി ദർശൻ നടപടിക്രമങ്ങളിൽനിന്ന് വിട്ടുനിന്നതിനെ ഗൗരവമായി എതിർത്തിരുന്നു. ഭാവിയിൽ എല്ലാ വാദം കേൾക്കലുകളിലും ദർശൻ കോടതിയിൽ ഹാജരാകണമെന്നും അദ്ദേഹത്തിന്റെ അഭാവത്തിന് ഒരു ഒഴികഴിവും സ്വീകരിക്കില്ലെന്നും സിവിൽ ആൻഡ് സെഷൻസ് ജഡ്ജി വ്യക്തമാക്കി.

നടന് നടുവേദന അനുഭവപ്പെടുന്നുണ്ടെന്നും കോടതിയിൽ ഹാജരാകാൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ദർശന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഹരജിയിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ദർശൻ ഹാജരാകണമെന്ന് നിർദേശിക്കുകയും ചെയ്തു. കേസിലെ പ്രധാന പ്രതിയും ദർശന്റെ കാമുകിയുമായ പവിത്ര ഗൗഡ ഉൾപ്പെടെ 16 പേർ കോടതിയിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts