Your Image Description Your Image Description

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗോവിന്ദ എന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു. തുടർന്നാണ് കുട്ടി പാമ്പിനെ കടിച്ചു കൊന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ കുട്ടി അബോധാവസ്ഥയിലാകുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പാമ്പ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുകയായിരുന്നുവെന്നും ഇത് കുഞ്ഞിനെ പെട്ടെന്ന് പ്രതികരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി പാമ്പിൻറെ ശരീരത്തിൽ കടിക്കുകയും പാമ്പ് തൽക്ഷണം ചാവുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഏതാനും മണിക്കൂറുകൾക്ക് ശേഷം ഗോവിന്ദയുടെ നില വഷളാകാൻ തുടങ്ങി. കുടുംബം ആദ്യം അടുത്തുള്ള പ്രൈമറി ഹെൽത്ത് സെൻററിൽ (PHC) എത്തിച്ചെങ്കിലും, പിന്നീട് ബേട്ടിയയിലെ സർക്കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (GMCH) മാറ്റുകയായിരുന്നു. കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ജിഎംസിഎച്ചിലെ ഡോക്ടർമാർ അറിയിച്ചു.

പാമ്പ് വീട്ടിലെത്തിയപ്പോൾ ഗോവിന്ദയുടെ അമ്മ അടുത്ത് വിറക് ശേഖരിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മുത്തശ്ശി മാതേശ്വരി ദേവി പറഞ്ഞു. പാമ്പ് പുറത്തുവന്നപ്പോൾ കുട്ടി എന്തോ വെച്ച് അതിനെ അടിക്കുകയും തുടർന്ന് കടിച്ചു കൊല്ലുകയുമായിരുന്നു. അതൊരു മൂർഖൻ പാമ്പായിരുന്നു. കുട്ടിക്ക് ഒരു വയസ് മാത്രമേയുള്ളുവെന്നും മുത്തശ്ശി കൂട്ടിച്ചേർത്തു.

Related Posts