Your Image Description Your Image Description

പൊതുവിദ്യാഭ്യാസ വകുപ്പ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് നല്‍കിവരുന്ന പ്രാധാന്യം ഇനി ഓപണ്‍ ഹാര്‍ഡ്‌വെയറുകള്‍ക്കും നല്‍കുമെന്നും നിലവില്‍ സ്‌കൂളുകളില്‍ വിന്യസിച്ച 29,000 റോബോട്ടിക് കിറ്റുകള്‍ ഇതിനുദാഹരണമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൈറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതുതലമുറയെ വെറും ഉപഭോക്താക്കളാക്കാതെ അറിവ് സൃഷ്ടിക്കുന്നവരും പങ്കുവെക്കുന്നവരുമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അതിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഓരോ വിദ്യാര്‍ഥിയും അധ്യാപകനും മുന്നോട്ട് വരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കൈറ്റ് ജില്ലാ ഓഫീസില്‍ രാവിലെ മുതല്‍ പൊതുജനങ്ങള്‍ക്കായി സൗജന്യമായി ഉബുണ്ടു 22.04 ഓപറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റലേഷനും ദിനചാരണവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പ്രദര്‍ശനവും ഒരുക്കിയിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും പ്രാധാന്യവും പൊതുസമൂഹത്തിനും ലഭ്യമാകുംവിധം ‘ലിറ്റില്‍ കൈറ്റ്‌സ്’ ക്ലബുകളുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റുകള്‍, ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ പരിശീലനം, ട്രബിള്‍ ഷൂട്ടിങ് എന്നിവ സംഘടിപ്പിക്കും.

പരിപാടിയില്‍ കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത്, നടക്കാവ് ജിടിടിഐ പ്രിന്‍സിപ്പല്‍ നാസര്‍ കിളിയായി, സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആക്റ്റീവിസ്റ്റ് പ്രശോഭ് ജി ശ്രീധര്‍, വിവിധ സ്‌കൂളുകളിലെ കുട്ടികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts